എയർ ഇന്ത്യ എക്സ്പ്രസ്സ് വീണ്ടും വൈകൽ വിവാദത്തിൽ. ദുബായിൽ നിന്ന് ഇന്നലെ വൈകുന്നേരം ആറരയ്ക്ക് കൊച്ചിയിലേയ്ക്ക് പറക്കേണ്ടിയിരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം 10 മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. ഐഎക്സ് 434 വിമാനമാണ് അനിശ്ചിതമായി വൈകുകയും ഇന്ന് പുലർച്ചെ നാലിന് യാത്ര പുറപ്പെട്ടതും. യാത്രക്കാരിൽ സ്ത്രീകളും കുട്ടികളും രോഗികളുമടക്കം ഒട്ടേറെ പേർ 10 മണിക്കൂറോളം ദുബായ് വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നു.
അതേസമയം അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്നും വിവാഹം പോലുള്ള ചടങ്ങുകളിൽ പങ്കെടുക്കുന്നതിനുമായി അടിയന്തരമായി നാട്ടിലെത്താൻ യാത്ര തിരിച്ചവരും ഈ കൂട്ടത്തിലുണ്ടായിരുന്നു. സാങ്കേതിക തകരാർ മൂലമാണ് വിമാനം വൈകിയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പറഞ്ഞു. എന്നാൽ മറ്റൊരു വിമാനം വൈകിയത് മൂലമാണ് ഈ വിമാനവും വൈകുന്നതെന്നായിരുന്നു വെബ് സൈറ്റിൽ രേഖപ്പെടുത്തിയിരുന്നത്.
അടുത്ത കാലത്തായി എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളുടെ വിവിധ സർവീസുകൾ വൈകുന്നത് തുടർച്ചയായിരുന്നു. ഇരട്ടിയോളം നിരക്ക് നൽകിയാണ് പലരും ടിക്കറ്റെടുക്കുകയും യാത്ര ചെയ്യുകയും ചെയ്യുന്നത്. എന്നിട്ടും ഇത്തരത്തിൽ തുടർച്ചയായി വൈകുന്നത് അനീതിയാണെന്ന് യാത്രക്കാർ പരാതിപ്പെട്ടു.