പ്രവാസികളെ ദുരിതത്തിലാക്കി സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. മസ്കത്തിൽ നിന്നും കേരള സെക്ടറിലേക്കുള്ള സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്. ഈ മാസം (മെയ്) അവസാനം വരെ വിവിധ വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ഇതോടെ സ്‌കൂൾ വേനലവധിയും ബിലിപെരുന്നാൾ അവധിയും കണക്കാക്കി കേരളത്തിലേയ്ക്ക് യാത്ര ചെയ്യാനിരുന്നവർ ദുരിതത്തിലാകും.
മെയ് 29, 31 തീയതികളിൽ കോഴിക്കോട് നിന്ന് മസ്കത്തിലേയ്ക്കും 30, ജൂൺ ഒന്ന് തീയതികളിൽ മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. കൂടാതെ മേയ് 30ന് തിരുവനന്തപുരത്ത് നിന്ന് മസ്‌കത്തിലേക്കും ഇവിടെ നിന്ന് തിരുവനന്തപുരത്തേക്കും, 31ന് കണ്ണൂരിൽ നിന്ന് മസ്‌കത്തിലേക്കും ഇവിടെ നിന്ന് കണ്ണൂരിലേക്കുള്ള ഫ്ളൈറ്റുകളും എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്.
സർവ്വീസ് റദ്ദാക്കിയതിന് പിന്നാലെ ജൂണിൽ നിരവധി സർവ്വീസുകൾ മെർജ് ചെയ്‌തതായും അധികൃതർ വ്യക്തമാക്കി. ജൂൺ 8,9 തീയതികളിൽ തിരുവനന്തപുരം – മസ്‌കത്ത്, കോഴിക്കോട്- മസ്‌കത്ത് വിമാനങ്ങൾ മെർജ് ചെയ്ത് പുതിയ റൂട്ട് തിരുവനന്തപുരം – കോഴിക്കോട് – മസ്‌കത്ത് ആയിമാറ്റി. ജൂൺ 8,9 തീയതികളിൽ മസ്‌കത്ത്- കോഴിക്കോട്, മസ്‌കത്ത് – തിരുവനന്തപുരം വിമാനങ്ങൾ മെർജ് ചെയ്ത് പുതിയ റൂട്ട് മസ്‌കത്ത് – കോഴിക്കോട് – തിരുവനന്തപുരം ആക്കിയിട്ടുണ്ട്.