ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വിമാനങ്ങൾ റദ്ദാക്കിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് എയർ ഇന്ത്യ. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനേക്കുറിച്ച് രണ്ട് മണിക്കൂർ മുൻപ് മാത്രമാണ് അറിഞ്ഞതെന്നും എയർ ഇന്ത്യ വിശദീകരിച്ചു.
ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണ്. മാറ്റം അംഗീകരിക്കാനാവാത്ത ഒരു വിഭാഗമാണ് സമരം നടത്തുന്നതെന്നും അധികൃതർ പറയുന്നു. ചൊവ്വാഴ്ച രാത്രി മുതൽ 70 ലേറെ സർവീസുകളാണ് റദ്ദാക്കിയത് . ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. യാത്രക്കാർക്ക് നേരിട്ട് അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാർക്ക് നേരിടുന്ന പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുവെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു. പ്രതിസന്ധിയിലായ യാത്രക്കാർക്ക് റീഫണ്ടോ പകരം യാത്രാ സംവിധാനമോ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി.
തിരുവനന്തപുരത്തുനിന്നു ഷാർജയിലേക്ക് പോകേണ്ട യാത്രക്കാർക്ക് ബോർഡിങ് പാസ് കിട്ടി സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞ് ഗേയ്റ്റിനടുത്ത് എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയെന്ന അറിയിപ്പ് ലഭിക്കുന്നത്. വ്യാഴാഴ്ച ജോലിയിൽ പ്രവേശിക്കേണ്ടവർ, വീസ റദ്ദാകുന്നവർ അടക്കം ഈ വിമാനത്തിലുണ്ടായിരുന്നു. അലവൻസ് കൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഇരുന്നൂറോളം ജീവനക്കാർ പണിമുടക്കുന്നത്. കൂട്ടത്തോടെ സിക്ക് ലീവെടുത്താണ് പ്രതിഷേധമെന്ന് അധികൃതർ പറയുന്നു.