എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നത് തുടർച്ചയാവുന്നു. കഴിഞ്ഞ ദിവസം മസ്കറ്റ്-കോഴിക്കോട്-കൊച്ചി വിമാനം മൂന്ന് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. യാത്ര തുടർന്നത് മുംബൈ വഴിയും. ഇതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. സാങ്കേതിക തകരാർ മൂലമാണ് വിമാനം വൈകിയതെന്ന് എയർഇന്ത്യ അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച പകൽ 11.40ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 442 വിമാനമാണ് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ യാത്രക്കാരുമായി തിരിച്ചത്. വൈകുന്നേരം അഞ്ചര മണിയോടെ മുംബൈയിൽ എത്തി. എന്നാൽ രാത്രി 10.30 ആയിട്ടും കേരളത്തിലേക്ക് തിരിച്ചില്ലെന്ന് യാത്രക്കാർ പറഞ്ഞു. അതേസമയം വ്യത്യസ്ത വിമാനങ്ങൾ വഴി ഇവരെ കയറ്റി അയക്കാൻ ശ്രമിച്ചെങ്കിലും രണ്ടുമൂന്നുപേർ ഒഴികെയുള്ള യാത്രക്കാർ വിസമ്മതിച്ചു. മസ്കറ്റിൽ ബോർഡിങ് പാസെടുത്തതിന് ശേഷമാണ് വിമാനം വൈകുമെന്ന വിവരം ലഭിച്ചിരുന്നതെന്നും യാത്രക്കാർ പറഞ്ഞു.
ഗർഭിണികളും പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരാണ് ഇതുമൂലം പ്രയാസത്തിലായത്. ചികിത്സക്ക് പോകുന്ന ഒമാനി പൗരന്മാരും വിമാനത്തിൽ ഉണ്ടായിരുന്നു. ഒമാന്റെ ദൂരദിക്കുകളിൽ നിന്നും വളരെ നേരത്തേ തന്നെ എയർപോർട്ടിൽ എത്തിയവരായിരുന്നു യാത്രക്കാരിൽ പലരും. അതുകൊണ്ട് തന്നെ പലർക്കും ഭക്ഷണത്തിനും മറ്റും പ്രയാസം നേരിടുകയും ചെയ്തു. യാത്ര പുറപ്പെടുന്നതുവരെ ചെറിയ കുപ്പിവെള്ളം മാത്രമായിരുന്നു നൽകിയതെന്നും കൊച്ചി സ്വദേശിനിയായ യാത്രക്കാരി പറഞ്ഞു.
അടുത്തിടെ എയർ ഇന്ത്യ എക്പ്രസ് വിമാനങ്ങൾ വൈകുന്നത് തുടർക്കഥയാണ്. ഇതോടെ അത്യാവശ്യ കാര്യത്തിനും മറ്റും നാട്ടിൽ പോവുന്നവരും ഹ്രസ്വ കാല അവധിക്ക് പോവുന്ന സമയത്തിന് ജോലിസ്ഥലത്ത് റിപ്പോർട്ട് ചെയ്യേണ്ടവരും അടക്കം പലരും മറ്റ് വിമാന കമ്പനികളിൽ ടിക്കറ്റെടുക്കുകയാണ്. തുടർച്ചയായി എയർ ഇന്ത്യ എക്പ്രസ് വൈകുന്നതിനെതിരെ നടപടികൾ ആവശ്യമാണെന്നാണ് പ്രവാസികൾ അഭിപ്രായപ്പെട്ടു.