എയർ ഇന്ത്യ യാത്രക്കാരന് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷൻ്റെ ഉത്തരവ്. യാത്രാനുമതി നിഷേധിച്ചെന്നുകാട്ടി കോട്ടയം ഉദയനാപുരം തെനാറ്റ് ആൻ്റണി നൽകിയ പരാതിയിലാണ് നടപടി. അഡ്വ. വി.എസ് മനുലാല്‍, ആര്‍.ബിന്ദു, കെ.എം ആൻ്റൊ എന്നിവര്‍ അംഗങ്ങളായിട്ടുള്ള ബെഞ്ചാണ് ഉത്തരവിട്ടത്.
ആൻ്റണിയുടെ ഇംഗ്ളണ്ടിലേക്കുളള യാത്രയാണ് അന്യായമായ കാരണങ്ങൾ നിരത്തി എയർഇന്ത്യ തടഞ്ഞത്.ഇതോടെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ തനിക്ക് സാധിച്ചില്ലെന്നും താൻ നേരിട്ട മാനസീക ബുദ്ധിമുട്ടുകൾക്കും കഷ്ടപ്പാടുകൾക്കും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി.
2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബ്രിട്ടനില്‍ സ്ഥിര താമസ പെര്‍മിറ്റുള്ളയാളായിരുന്നു ആൻ്റണി. എന്നാൽ രണ്ട് വർഷം രാജ്യത്തിന് പുറത്താണ് താമസിച്ചതെന്ന് കാട്ടി എയർ ഇന്ത്യ യാത്രാനുമതി നൽകിയില്ല. കൊച്ചി -ഡൽഹി- ബര്‍മിംഗ്ഹാം യാത്രയാണ് തടസ്സപ്പെട്ടത്.
എന്നാൽ അടുത്ത ദിവസം ഇതേ പെർമിറ്റ് നൽകി ആൻ്റണിക്ക് ഖത്തര്‍ എയര്‍വേഴ്‌സിലൂടെ കൊച്ചിയിൽനിന്ന് ഇംഗ്ളണ്ടിലെ മാഞ്ചസ്റ്ററിൽ എത്താനായി. പിന്നീട് കാർ മാർഗം ബര്‍മിംഗ്ഹാമിലേക്ക് എത്തിയപ്പോഴേക്കും മകൻ്റെ വിവാഹം കഴിഞ്ഞിരുന്നു. തുടർന്നാണ് ആൻ്റണി പരാതിയുമായി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.
.