ദുബായിലേക്കുള്ള വിമാനസർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. ഏപ്രിൽ 21 വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സൗജന്യമായി മറ്റൊരു ദിവസത്തെ യാത്രക്ക് ടിക്കറ്റ് നൽകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. മാത്രമല്ല, ഈ മാസം 30 വരെ ഇസ്രായേൽ സർവീസും എയർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. എന്നാൽ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളെ ഇത് ബാധിക്കില്ല.
മഴക്കെടുതി മൂലം വിമാനത്താവളത്തിന്റെ പ്രവർത്തനം അവതാളത്തിലാണ്. ഈ സാഹചര്യത്തിലാണ് ദുബായ് സർവീസുകൾ നിർത്തിവെക്കുന്നതെന്ന് എയർ ഇന്ത്യ കൂട്ടിച്ചേർത്തു. കേരളത്തിൽ കൊച്ചിയിൽ നിന്ന് മാത്രമാണ് ദുബായിലേക്ക് എയർ ഇന്ത്യ സർവീസുള്ളത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് കേരളത്തിൽ നിന്ന് ദുബായിലെത്തുന്നത്. എന്നാൽ ഡൽഹി മുംബൈ നഗരങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കുന്നത് വലിയ തിരിച്ചടിയാകും.
എമിറേറ്റ്സ്, ഫ്ലൈ ദുബായ് വിമാനങ്ങൾ ഇന്നലെ രാത്രി മുതൽ സർവീസ് പുനരാരംഭിച്ചിരുന്നു. ചെക്ക് ഇൻ ആരംഭിച്ചപ്പോൾ തന്നെ വൻ തിരക്കാണ് ഇന്നലെ രാത്രി ദുബായ് വിമാനത്താളത്തിൽ അനുഭവപ്പെട്ടത്. എന്നാൽ, സർവീസുകൾ പുനരാരംഭിച്ചെങ്കിലും പല വിമാനങ്ങളും വൈകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, കൺഫേംഡ് ടിക്കറ്റുള്ളവർ മാത്രം എയർപോർട്ടിൽ എത്തിയാൽ മതിയെന്ന് ദുബായ്, ഷാർജ വിമാനത്താവളങ്ങൾ നിർദേശം നൽകിയിട്ടുണ്ട്. തിരക്ക് കുറക്കാനാണ് ഈ നിർദേശം. ഇന്നലെ രാത്രി എമിറേറ്റ്സ് വിമാനത്തിൽ കൊച്ചിയിലെത്തിയ യാത്രക്കാർക്ക് ബാഗേജുകൾ ലഭിച്ചില്ലെന്ന പരാതി ഉയർന്നിരുന്നു. ബാഗേജ് പിന്നീട് എത്തിക്കാമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.