സമരം വിജയം കണ്ടോ? സമരത്തിന് പിന്നാലെ എയർ ഇന്ത്യ ജീവനക്കാർക്ക് സന്തോഷവാർത്ത. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് രണ്ട് വർഷത്തിന് ശേഷം എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം ആദ്യമായി വർധിപ്പിച്ചുവെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. 2024 ഏപ്രിൽ 1 മുതൽ മുൻ കാല പ്രാബല്യത്തോടെയാണ് ശമ്പള വർധന. ഫസ്റ്റ് ഓഫീസർ മുതൽ സീനിയർ കമാൻഡർ വരെയുള്ളവരുടെ ശമ്പളം പ്രതിമാസം 5,000 രൂപ മുതൽ 15,000 രൂപ വരെ വർധിപ്പിച്ചു.
പൈലറ്റുമാർക്കുള്ള വാർഷിക ടാർഗെറ്റ് പെർഫോമൻസ് ബോണസ് സംവിധാനവും എയർഇന്ത്യ ആരംഭിച്ചിട്ടുണ്ട് . ജൂനിയർ ഫസ്റ്റ് ഓഫീസർമാരുടെ ശമ്പള വർദ്ധന പ്രഖ്യാപിച്ചിട്ടില്ല. 2023-24 സാമ്പത്തിക വർഷത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ജീവനക്കാർക്ക് ബോണസ് നൽകുക.സജൂനിയർ ഫസ്റ്റ് ഓഫീസർ മുതൽ സീനിയർ കമാൻഡർമാർ വരെ പ്രതിവർഷം 42,000 രൂപ മുതൽ 1.8 ലക്ഷം രൂപ വരെ ബോണസ് നൽകും. കമാൻഡർ, സീനിയർ കമാൻഡർ എന്നിവർക്ക് 1.32 ലക്ഷം, 1.80 ലക്ഷം എന്നിങ്ങനെയാണ് ബോണസ്.
ഏകദേശം 18,000 ജീവനക്കാരാണ് എയർ ഇന്ത്യയിൽ ജോലി ചെയ്യുന്നത്. 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ശമ്പള വർദ്ധനയ്‌ക്ക് പുറമേ, കമ്പനിയുടെയും വ്യക്തിഗത പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ 2024-25 മുതൽ പൈലറ്റുമാർക്ക് വാർഷിക ടാർഗെറ്റ് പെർഫോമൻസ് ബോണസും എയർ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.