യുഎഇയിൽ മധ്യവേനലവധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. രാജ്യത്തെ സ്‌കൂളുകൾ ഓഗസ്റ്റ് 26-നാണ് തുറക്കുക. വേനലവധി അവസാനിക്കാറായതോടെ മിക്ക പ്രവാസികളും നാട്ടിൽ നിന്നും തിരിച്ച് യുഎഇയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ സാഹചര്യത്തിൽ പ്രവാസികൾക്ക് ഇരുട്ടടിയായി വിമാനം നിരക്ക് കുതിച്ചുയരുകയാണ്.
ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയിലധികമാണ് വിമാന കമ്പനികൾ വർധിപ്പിച്ചിരിക്കുന്നത്. ഈ മാസം അവസാനം വരെ പൊള്ളുന്ന നിരക്കാണ് വിമാന യാത്രയ്ക്ക്. കേരളത്തിൽ നിന്ന് യുഎഇയിലേക്ക് തിരക്കില്ലാത്ത സമയങ്ങളിൽ എയർ ഇന്ത്യ എക്‌സ്പ്രസ് 6500 രൂപയ്ക്ക് നൽകിയിരുന്ന വൺവേ ടിക്കറ്റിന് ഇപ്പോൾ 40,000 രൂപയ്ക്ക് മുകളിലാണ് നിരക്ക്. സ്പൈസ് ജെറ്റ്, ഇൻഡിഗോ, ശ്രീലങ്കൻ എയർലൈൻസ് തുടങ്ങിയവയിലും വൺവേ ടിക്കറ്റിന് കുറഞ്ഞത് 45,000 രൂപയ്ക്ക് മുകളിലാകും.
ഈ നിരക്കിൽ നാലംഗ കുടുംബത്തിന് യാത്ര ചെയ്യാൻ 2 ലക്ഷത്തോളം രൂപയാകും. എയർ ഇന്ത്യ വിസ്‌താര, സൗദി എയർലൈൻസ്, ഖത്തർ എയർവെയ്‌സ് എന്നിവയിൽ ഒരാൾക്ക് 73,500 രൂപയാണ് നിരക്ക്. കണക്ഷൻ വിമാനങ്ങൾക്കാണ് ഈ നിരക്ക്. ജീവിതച്ചെലവ് കൂടിയതോടെ പിടിച്ചുനിൽക്കാൻ പാടുപെടുന്ന പ്രവാസി കുടുംബങ്ങൾക്ക് നാട്ടിൽ പോയിവരാൻ രണ്ടോ മൂന്നോ വർഷത്തെ സമ്പാദ്യം മാറ്റിവയ്ക്കേണ്ട സ്ഥിതിയാണുള്ളത്.
ഇതോടെ പ്രവാസി കുടുംബങ്ങൾ പലരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. മടങ്ങിവരാതിരിക്കാൻ സാധിക്കാത്തതിനാൽ തുക നോക്കാതെയാണ് പലരും ടിക്കറ്റെടുക്കുന്നത്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളവർ കുട്ടികളുടെ ക്ലാസ് നഷ്ടപ്പെട്ടാലും കുഴപ്പമില്ല എന്ന് ചിന്തിച്ച് ടിക്കറ്റ് നിരക്ക് കുറയുന്നതിനായി കാത്തിരിക്കുകയാണ്.