റാസൽഖൈമയിൽ നിന്ന് കോഴിക്കോടേയ്ക്ക് എയർ അറേബ്യ വിമാനങ്ങൾ സർവീസ് ആരംഭിച്ചു. പ്രവാസി മലയാളികളുടെ യാത്രാദുരിതത്തിന് പരിഹാരം എന്ന നിലയിലാണ് എയർ അറേബ്യ പുതിയ സർവ്വീസിന് തുടക്കമിട്ടത്. ആഴ്‌ചയിൽ മൂന്ന് വിമാനങ്ങളാണ് കോഴിക്കോടേയ്ക്ക് പറക്കുക.
ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് റാസൽഖൈമയിൽ നിന്ന് കോഴിക്കോടേക്ക് എയർ അറേബ്യ സർവീസ് നടത്തുക. ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചക്ക് 2.55-ന് റാസൽഖൈമയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.10-ന് കോഴിക്കോടെത്തും. 8.50-ന് തിരിച്ച് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാത്രി 11.25-ന് റാസൽഖൈമയിലെത്തും. ഞായറാഴ്ചകളിൽ രാവിലെ 10.55-ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 4.10-ന് കോഴിക്കോടെത്തുകയും തിരിച്ച് 4.50-ന് പുറപ്പെട്ട് രാത്രി 7.25-ന് റാസൽഖൈമയിലെത്തുകയും ചെയ്യും.
ആദ്യ വിമാനത്തിലെ യാത്രക്കാരെ ബോർഡിങ് പാസിനൊപ്പം പൂക്കൾ നൽകിയാണ് കമ്പനി സ്വീകരിച്ചത്. റാസൽഖൈമയിൽ നിന്ന് ഇന്ത്യയിലേക്ക് സർവ്വീസ് നടത്തുന്നതിനായി അഞ്ച് വിമാനങ്ങൾക്ക്കൂടി അനുമതി ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ സർവ്വീസ് നടത്തുമെന്നും എയർ അറേബ്യ സി.ഇ.ഒ ആദിൽ അബ്‌ദുല്ല അലി വ്യക്തമാക്കി.