കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഏതാനും സമയം മാത്രം ബാക്കി.എഐസിസിയിലും പ്രദേശ് കോൺഗ്രസ് കമ്മറ്റികളിലും ഒരുക്കിയിട്ടുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ്. 200 വോട്ടർമാർക്ക് ഒരു ബൂത്ത് വീതം ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് ആകെ 36 പോളിംഗ് സ്റ്റേഷനുകളിലായി 67 ബൂത്തുകളാണ് പ്രവർത്തിക്കുക. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ആണ് വോട്ടിംഗ് സമയം. 9,308 എഐസിസി അംഗങ്ങൾക്കാണ് വോട്ടവകാശം ഉള്ളത്. ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ പേരിനു നേരെ ഗുണനചിഹ്നം രേഖപ്പെടുത്തിയാണ് വോട്ട് ചെയ്യേണ്ടത്. അക്ഷരമാല ക്രമത്തിൽ ആദ്യം ഖാർഗെയുടെയും രണ്ടാമത് തരൂരിൻ്റെയും പേരാണ് ബാലറ്റിലുള്ളത്. വോട്ടർമാർക്ക് പ്രത്യേക ക്യൂ ആർ കോഡുകളുള്ള ഐഡി കാർഡുകൾ കൊടുത്തിട്ടുണ്ട്. വോട്ട് ചെയ്തശേഷം വിരലിൽ മാർക്കർ പേനകൊണ്ട് മഷിപുരട്ടും.
തെരഞ്ഞെടുപ്പ് ദിവസവും മല്ലികാർജുൻ ഖാർഗെക്കായി പ്രചാരണം നടത്തുകയാണ് മുതിർന്ന നേതാക്കൾ. ശശി തരൂർ ആയിരത്തോളം വോട്ട് നേടുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നേതാക്കൾ ഇന്നും പ്രചാരണം നടത്തുന്നത്. ഒരു തവണ കൂടി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുചോദിക്കാനാണ് മുതിർന്ന നേതാക്കൾ തീരുമാനിച്ചിരിക്കുന്നത്. ശശി തരൂരിന് ലഭിക്കുന്ന വോട്ടുകൾ എങ്ങനെയും തടയുക എന്നതാണ് ലക്ഷ്യം.