നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെ വ്യാജ വീഡിയോ കോൾ നടത്തി പണം തട്ടുന്നത് വ്യാപകമാകുന്നു. ഡൽഹി സ്വദേശിക്ക് പണം നഷ്ടമായതിന് പിന്നാലെ കോഴിക്കോടും സമാന പരാതി ഉയർന്നു. കേരളത്തിൽ ഇത് ആദ്യ കേസാണെന്ന് സൈബർ പൊലീസ് പറയുന്നു.
കോഴിക്കോട് സ്വദേശി രാധാകൃഷ്ണനാണ് പണം നഷ്ടമായത്. സുഹൃത്തെന്ന വ്യാജേനയെത്തിയ വീഡിയോകോളിലൂടെ നാൽപ്പതിനായിരം രൂപയാണ് തട്ടിയെടുത്തത്.കഴിഞ്ഞ ദിവസം ഡൽഹി സ്വദേശിക്കും പണം നഷ്ടമായിരുന്നു.
എ.ഐ വിദ്യയിലൂടെ പണം തട്ടുന്നതിനെതിരേ അന്താരാഷ്ട്ര തലത്തിലും ജാഗ്രത തുടരുകയാണ്. ഡീപ് ഫേക്ക്’ എന്ന സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചതെന്നാണ് സൈബര്‍ പൊലീസ് കണ്ടെത്തല്‍. നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യയിലൂടെ വ്യാജ ചിത്രങ്ങളുടെ കണ്ണും ചുണ്ടുമനക്കി വ്യാജ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പണം തട്ടുന്നത്.
മക്കളുടെ കാര്യവും ആരോഗ്യവും മറ്റും തിരക്കി വിശ്വാസമുറപ്പിച്ചശേഷമാണ് തട്ടിപ്പുകാർ പണം ആവശ്യപ്പെടുന്നതും അക്കൌണ്ട് നമ്പർ കൈമാറുന്നതും. തട്ടിപ്പിന് ഇരയായവർ വാസ്തവം തിരിച്ചറിഞ്ഞതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.
കോഴിക്കോട് സ്വദേശി തട്ടിപ്പിന് ഇരയായതോടെ കേരള സൈബർ പൊലീസ് ബോധവത്കരണ വീഡിയൊ പുറത്തിറക്കി. വ്യാജ കോളുകൾ സംബന്ധിച്ച വിവരം ലഭിക്കുന്നവർ 1930 എന്ന നമ്പറിൽ അറിയിക്കണമെന്നും പൊലീസ് പറഞ്ഞു.