എഐ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട് എസ്ആർഐടി കമ്പനി കേരളം വിടുന്നുവെന്ന് പ്രഖ്യാപിച്ചു. ഇനി കേരളത്തിൽ നിന്നുള്ള പ്രൊജക്ടുകൾ ഏറ്റെടുക്കില്ലെന്ന് കമ്പനിയുടെ സിഇഒ മധു നമ്പ്യാർ പറഞ്ഞു. ഉപകരാർ നൽകിയത് എല്ലാ നിയമവും പാലിച്ചാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംശയമുള്ളവർ എല്ലാ രേഖകളും പരിശോധിക്കണം. ഏത് അന്വേഷണവും നേരിടാൻ കമ്പനി തയ്യാറാണെന്നും മധു നമ്പ്യാർ പറഞ്ഞു. സർക്കാരിൽ നിന്ന് ഒരു രൂപ പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിൽ നിന്ന് കമ്പനിക്ക് 151 കോടി രൂപ ഇനിയും ലഭിക്കാനുണ്ട്. കേരളത്തിൽ സ്ഥാപിച്ച എല്ലാ ക്യാമറയും എഐ ക്യാമറകൾ ആണ്. ഇത് വിദഗ്ധർ പരിശോധിച്ച് ഉറപ്പ് വരുത്തിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എഐ കാമറ ഇടപാടുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ഇൻകം ടാക്സ് പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. കരാറുകളും ഉപകരാറുകളും സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. കരാറിലും ഉപകരാറിലും ഇടപാടുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.
എന്നാൽ എഐ ക്യാമറ വിഷയത്തിൽ അഴിമതി നടന്നിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നേരത്തേ പറഞ്ഞിരുന്നു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും അദ്ദേഹം കണക്കുകൾ സഹിതം ചൂണ്ടികാണിച്ചു. ഇന്ത്യയിൽ ആദ്യമായി ഇത്തരമൊരു സംവിധാനം കൊണ്ടുവന്നത് കേരളമാണ്. ഈ പദ്ധതിക്കായി സർക്കാർ ഖജനാവിൽ നിന്ന് ഒരു പൈസയും ഇതുവരെ ചെലവാക്കിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.