എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ഇൻകം ടാക്സ് റെയ്ഡ്. എഐ ക്യാമറയുടെ കരാറുകളും ഉപകരാറുകളും സംബന്ധിച്ച അന്വേഷണമാണ് നടക്കുന്നത്. കരാറിലും ഉപകരാർ ഇടപാടുകളിലും ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ചു. പത്ത് പേരടങ്ങുന്ന ആദായ നികുതി സംഘം കെൽട്രോൺ ഓഫീസിലെത്തി പരിശോധനകൾ നടത്തി.
സര്‍ക്കാരിന്റെ വിവിധ മേഖലകൾക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങളിൽ വ്യക്തമായ മാര്‍ഗ നിര്‍ദേശം ധനവകുപ്പ് പുറത്തിറക്കിയിരുന്നു. ആവശ്യങ്ങൾക്ക് അനുസരിച്ച് വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപകരണങ്ങളുടെ 50 ശതമാനമെങ്കിലും അക്രഡിറ്റഡ് ഏജന്‍സിയുടേതായിരിക്കണം. കൂടാതെ 50 ശതമാനത്തിലേറെ മൂന്നാം കക്ഷിയില്‍ നിന്നാണ് വാങ്ങുന്നതെങ്കിൽ അക്രഡിറ്റഡ് ഏജന്‍സിക്ക് കരാര്‍ നല്‍കരുതെന്നും ധനവകുപ്പ് നിര്‍ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ അഞ്ച് ശതമാനം പങ്ക് പോലും ഇല്ലാതെയാണ് കെൽട്രോൺ പദ്ധതി നടപ്പാക്കിയത്.
കോടികൾ ചെലവാക്കിയാണ് കേരളത്തിലുടനീളം എഐ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. അതേസമയം ഇത് പൊതുമേഖലാ സ്ഥാപനം പൂർത്തിയാക്കിയ പദ്ധതിയായതിനാൽ ഇനി പിന്നോട്ട് പോകാനാവില്ല. എന്നാൽ ക്യാമറ വിവാദമായതോടെയാണ് ഇപ്പോൾ കെൽട്രോണിൽ ഇൻകം ടാക്സ് റെയ്ഡ് നടത്തുന്നത്.