18-ാമത് ജി20 ഉച്ചകോടി ഡൽഹിയിൽ നടക്കാനിരിക്കെ ‘ജി20 ഇന്ത്യ’ ആപ്പ് പുറത്തിറക്കി രാജ്യം. ഡിജിറ്റൽ സാങ്കേതികവിദ്യയിലെ ശ്രദ്ധേയമായ നേട്ടങ്ങൾ സൂചിപ്പിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ വിദേശകാര്യ മന്ത്രാലയമാണ് പുറത്തിറക്കിയത്. 24 ഭാഷകളിൽ ഉച്ചകോടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉപഭോക്താവിന് നൽകുന്നതാണ് ഈ ആപ്ലിക്കേഷൻ. ഇന്ത്യയുടെ ജി20 പ്രസിഡൻസി കാലാവധി വരെ ആപ്ലിക്കേഷൻ പ്രവർത്തനക്ഷമമായിരിക്കും.
ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ മറ്റ് പ്രതിനിധി രാജ്യങ്ങളുമായി അവരുടെ ഭാഷകളിൽ ഫലപ്രദമായി സംസാരിക്കാൻ സാധിക്കും. മൊബൈൽ ആപ്ലിക്കേഷന്റെ തുടക്കത്തിൽ തന്നെ സാങ്കേതിക വിദ്യയിലെ ഇന്ത്യയുടെ തുടർച്ചയായ മുന്നേറ്റങ്ങളും ആഗോളതലത്തിലെ സുഗമമായ പ്രവർത്തനങ്ങളുമാണ് വ്യക്തമാക്കുന്നത്. രാജ്യത്തിനകത്ത് വിദേശ പ്രതിനിധികളുടെ സഞ്ചാരം സുഗമമാക്കുന്ന മാപ്പ് എന്ന നിലയിലും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലാണ് ആപ്ലിക്കേഷൻ നിർമ്മിച്ചിരിക്കുന്നത്.