ഹജ്ജിന് മുന്നോടിയായി മക്ക, മദീന നഗരങ്ങളിലെ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കി അധികൃതർ. ഹജ്ജ് തീർത്ഥാടകർക്ക് മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്. ഹോട്ടലുകൾ, സർവീസ്ഡ് അപ്പാർട്ട്മെൻ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തുന്നത്. ഇതുവരെ നടത്തിയ പരിശോധനയിൽ 4,700 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കിയതായി സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു.
ഹോട്ടലുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ടൂറിസം മന്ത്രി ബിൻ അഖീൽ അൽ ഖത്തീബിൻ്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിവരുന്നത്. സ്ഥാപങ്ങളുടെ ഗുണനിലവാരം, ശുചിത്വം എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ആവശ്യമായ അനുമതികൾ ഇല്ലാതെയും അറ്റകുറ്റപ്പണികൾ നടത്താതെയും പ്രവർത്തിക്കുന്ന സ്ഥാപങ്ങൾക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്.
സേവനങ്ങളെക്കുറിച്ച് തീർത്ഥാടകർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനുമായി 930 എന്ന നമ്പറിലും മന്ത്രാലയത്തിൻ്റെ ഔദ്യോഗിക ചാനലുകൾ വഴിയും ബന്ധപ്പെടാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.