നിലവാരം കുറഞ്ഞ ഭക്ഷ്യ ഉല്പന്നങ്ങളുടെ പരസ്യത്തിന് വിലക്കേർപ്പെടുത്തി സൗദി അറേബ്യ. സൗദിയിൽ കുട്ടികളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന നിലവാരം കുറഞ്ഞ ഭക്ഷ്യ ഉല്പന്നങ്ങളുടെ പ്രചാരണത്തിനും പരസ്യത്തിനുമാണ് വിലക്കേർപ്പെടുത്തിയത്.
സൗദി ഫുഡ്സ് ആന്റ് ഡ്രഗ്സ് അതോറിറ്റിയുടേതാണ് നടപടി. 12 വയസിന് താഴെയുള്ള കുട്ടികളെ ലക്ഷ്യം വെച്ച് പുറത്തിറക്കുന്ന ഉല്പന്നങ്ങൾക്കാണ് വിലക്ക് ബാധകമാകുക. കുട്ടികളുടെ ചാനലുകളിലും യൂട്യൂബിലും സോഷ്യൽ മീഡിയകളിലും പരസ്യം ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയത്.
അതോറിറ്റി നിർദേശിക്കുന്ന നിലവാരം ഇല്ലാത്തവയും പോഷക മൂല്യം കുറഞ്ഞതുമായ ഭക്ഷ്യ വസ്തുക്കൾ, കൂടുതൽ കൊഴുപ്പടങ്ങിയ വസ്തുക്കൾ, കൂടുതൽ പഞ്ചസാരയും ഉപ്പും അടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവയ്ക്കാണ് നിയന്ത്രണം ബാധകമാകുക.