2023-ന്റെ ആദ്യ പകുതിയിൽ 61.5 ശതമാനം കുടുംബ പ്രശ്നങ്ങളും പരിഹരിച്ച് അബുദാബി ലീഗൽ ഡിവിഷൻ (എഡിജെഡി). ഇക്കാലയളവിൽ കുടുംബ തർക്കവുമായി ബന്ധപ്പെട്ട 7,743 പരാതികളാണ് എഡിജെഡിക്ക് ലഭിച്ചത്. ഇതിൽ പകുതിയിലധികവുമാണ് അധികൃതർ സമർത്ഥമായി പരിഹരിച്ചത്. കൂടാതെ കഴിഞ്ഞ രണ്ട് വർഷമായി വിവാഹമോചന കേസുകൾ ഗണ്യമായി കുറയ്ക്കുന്നതിനും എഡിജെഡിയുടെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
എഡിജെഡിക്ക് മുന്നിലെത്തുന്ന പരാതികൾ പരിഹരിക്കുന്നതിനും ഒത്തുതീർപ്പിലെത്തിക്കുന്നതിനുമാണ് അധികൃതർ പ്രാധാന്യം നൽകുന്നത്. ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയും എഡിജെഡി ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് സമൂഹത്തിന്റെ നിർമ്മിതിയിലെ അടിസ്ഥാന ഘടകമായ കുടുംബങ്ങളിൽ ഐക്യം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് അണ്ടർസെക്രട്ടറി യൂസഫ് സയീദ് അലബ്രി വ്യക്തമാക്കി.