ഇന്ത്യയുടെ പ്രഥമ സൂര്യ പര്യവേഷണ ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപിച്ചു. ശ്രീഹരി കോട്ടയിൽ നിന്നും പിഎസ്എൽവി സി 57 റോക്കറ്റിലായിരുന്നു വിക്ഷേപണം. സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉൾപ്പെടെ സൂര്യനെക്കുറിച്ചുള്ള വിശദ പഠനമാണ് ദൗത്യത്തിന്റെ ലക്ഷ്യം. അഞ്ച് വർഷവും രണ്ടുമാസവുമാണ് ദൗത്യത്തിന്റെ കാലാവധി. സൂര്യന്റെ റേഡിയേഷനും, കാന്തിക വികിരണങ്ങളും ഭൂമിയെ ബാധിക്കുന്നതിന് മുമ്പ് അറിയാനും അതോടൊപ്പം അത് ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്ന് പഠിക്കാനും ഇതുവഴി സാധ്യമാകും.
ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണം സമം ആകുന്ന എൽ 1 പോയിന്റിൽ നിന്ന് ഗ്രഹങ്ങളുടെ മറവില്ലാതെ തുടർച്ചയായി ആദിത്യയ്ക്ക് സൂര്യനെ നിരീക്ഷിക്കാനാകും. വിക്ഷേപണ ശേഷം ലോവർ എർത്ത് ഓർബിറ്റിലാണ് ആദിത്യയെ ആദ്യം സ്ഥാപിക്കുന്നത്. പിന്നീട് ഓൺ ബോർഡ് പ്രൊപ്പഷൻ സിസ്റ്റം ഉപയോഗിച്ച് നാലുമാസം കൊണ്ടാണ് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ വൺ പോയിന്റിലേക്ക് എത്തുക. സൂര്യന്റേയും ഭൂമിയുടേയും ആകർഷണ വലയത്തിൽപെടാത്ത ഹാലോ ഓർബിറ്റിലാണ് ഉപഗ്രഹം സഞ്ചരിക്കുക. അഞ്ചുവർഷവും രണ്ടുമാസവുമാണ് ദൗത്യത്തിന്റെ കാലാവധി.
1,500 കിഗ്രാം ഭാരമുണ്ട് ആദിത്യ എല്‍ 1ന്. വിസിബിൾ ലൈൻ എമിഷൻ കൊറോണ ഗ്രാഫ് (വി.ഇ.എൽ.സി), സോളാർ അൾട്രാ വയലറ്റ് ഇമേജിങ് ടെലസ്കോപ്പ് (എസ്.യു.ഐ.ടി), ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്സ്റേ സ്പെക്ട്രോമീറ്റർ (എച്ച്.ഇ.എൽ.1.ഒ.എസ്), ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പിരിമെന്റ് (എ.എസ്.പി.ഇ.എക്സ്), പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (പി.എ.പി.എ.), മാഗ്നറ്റോ മീറ്റർ, സോളാർ
ലോ എനർജി എക്സ്റേ സ്പെക്ട്രോമീറ്റർ (എസ്.ഒ.എൽ.ഇ.എക്സ്.എസ്) എന്നിങ്ങനെ ഏഴ് പേലോഡുകളാണ് ആദിത്യ എൽ 1-ൽ ഉള്ളത്.