നടി അദിതി റാവു ഹൈദരിയും നടൻ സിദ്ധാർഥും വിവാഹിതരായി. തെലങ്കാനയിലെ വനപർത്ഥിയിലെ ശ്രീരംഗപുരത്തെ 400 വർഷം പഴക്കമുള്ള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടത്തിയത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ചത്.
ഗോൾഡൻ നിറത്തിലുള്ള ടിഷ്യൂ ഓർഗാൻസ ദാവണിയായിരുന്നു അദിതിയുടെ വിവാഹവേഷം. ഗോൾഡൻ വരകളും ഹാൻഡ് എംബ്രോയ്ഡറി ചെയ്ത ബോർഡറും വരുന്ന ബ്ലൗസിനൊപ്പം ഗോൾഡൻ നിറത്തിലുള്ള ലോങ് സ്കർട്ടാണ് താരം ധരിച്ചത്. ഗോൾഡും റൂബിയും ചേർന്ന ട്രഡീഷണൽ ആഭരണങ്ങളും ഇതിനൊപ്പം അണിഞ്ഞിരുന്നു. ഓഫ് വൈറ്റ് നിറത്തിലുള്ള കുർത്തയും കസവ് മുണ്ടുമായിരുന്നു സിദ്ധാർഥിന്റെ വേഷം.
അദിതി തന്നെയാണ് ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരെ വിവാഹവാർത്ത അറിയിച്ചത്. ‘നീയാണ് എൻ്റെ സൂര്യൻ, എൻ്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും. എന്നെന്നും സ്നേഹം നിറഞ്ഞ പ്രാണപ്രിയരായി നിലനിൽക്കാൻ, എപ്പോഴും കുട്ടിത്തം നിറഞ്ഞ ചിരിയോടെ ജീവിക്കാൻ… അനന്തമായ സ്നേഹത്തിലേക്കും വെളിച്ചത്തിലേക്കും മായാജാലത്തിലേക്കും. ഇനി മിസിസ് ആൻ്റ് മിസ്റ്റർ അദു-സിന്ധു’ എന്ന കുറിപ്പോടെയാണ് താരം വിവാഹ ചിത്രങ്ങൾ പങ്കിട്ടത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിക്കുന്നത്.