നടൻ വിജയിയുടെ തമിഴക വെട്രി കഴകത്തിന് ഇനി ഔദ്യോഗിക പതാക. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെയാണ് പാർട്ടിയിലെ സുപ്രധാന നീക്കത്തിന് താരം ഒരുങ്ങുന്നത്. ഓഗസ്റ്റ് 22-ന് ചെന്നൈയ്ക്ക് സമീപമുള്ള പനയൂരിൽ വച്ച് നടക്കുന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിലാണ് വിജയ് പാർട്ടി പതാക പുറത്തിറക്കുക.
പൂർണമായും മഞ്ഞ നിറത്തിലായിരിക്കും പതാകയെന്നാണ് പുറത്തുവരുന്ന സൂചനകൾ. തമിഴ്നാട്ടിൽ സമത്വത്തിൻ്റെ അടയാളമായാണ് മഞ്ഞ നിറം ഉപയോഗിക്കുന്നത്. അതോടൊപ്പം കാർഷിക സമ്പൽ സമൃദ്ധിയുടെ സൂചകമായ വാകപ്പൂവിനെയും പാർട്ടിക്കൊടിയിൽ ഉൾപ്പെടുത്തണമെന്ന് വിജയ് നിർദേശിച്ചതായാണ് റിപ്പോർട്ട്.
ഓഗസ്റ്റ് 22ന് നടക്കുന്ന ചടങ്ങിലേയ്ക്ക് തമിഴ്നാട്, കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള തമിഴക വെട്രി കഴകത്തിൻ്റെ 300-ഓളം ഭാരവാഹികൾക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.