യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ കൊച്ചി പൊലീസിന് ക്രൈംബ്രാഞ്ച് മേധാവി നിർദേശം നൽകി. നടൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നടപടി. അതേസമയം, സിദ്ദിഖ് നിലവിൽ ഒളിവിലാണെന്നാണ് റിപ്പോർട്ട്. ഇതോടെ സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
സിദ്ദിഖിന്റെ എല്ലാ ഫോൺ നമ്പരുകളും സ്വിച്ച് ഓഫ് ആണ്. കൊച്ചിയിലെ രണ്ട് വീടുകളിലും സിദ്ദിഖ് ഇല്ലെന്നാണ് റിപ്പോർട്ട്. സിദ്ദിഖിനായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സിദ്ദിഖുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ അതിനുവേണ്ടി കാത്തുനിൽക്കേണ്ടെന്നും അറസ്റ്റിന് നിയമതടസമില്ലെന്നുമാണ് പൊലീസ് പറയുന്നത്. അറസ്റ്റ് ഇന്നുതന്നെ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. 2016ൽ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. ആരോപണം ഉയർന്നതിനെ തുടർന്ന് അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു.