ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിദ്ദിഖ്, രഞ്ജിത്ത് തുടങ്ങിയവർക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഷമ്മി തിലകൻ്റെ പ്രതികരണം. ഉടയേണ്ട വിഗ്രഹങ്ങൾ ഉടയണമെന്നും ഉപ്പുതിന്നവർ വെള്ളം കുടിച്ചേ പറ്റൂവെന്നുമാണ് താരം പറഞ്ഞത്. അതോടൊപ്പം അമ്മ സംഘടനയുടെ പ്രസിഡൻ്റായ മോഹൻലാലിന് പ്രതികരണശേഷി നഷ്‌ടപ്പെട്ടുവെന്നും ഷമ്മി തുറന്നടിച്ചു.
വിവാദങ്ങളിൽ മോഹൻലാൽ മറുപടി പറയുമോയെന്ന് തനിക്ക് സംശയമുണ്ടെന്നും മോഹൻലാലിന് പ്രതികരണശേഷി നഷ്‌ടപ്പെട്ടുവോ എന്ന് പണ്ട് താൻ ചോദിച്ചിട്ടുള്ളതാണെന്നും ഷമ്മി തിലകൻ മാധ്യമങ്ങളോട് പറഞ്ഞു. ‘ഉപ്പുതിന്നവർ വെള്ളം കുടിച്ചേ പറ്റൂ, അത് ആരാണെങ്കിലും. ഞാനടക്കം ഭയത്തോടെയാണ് ജീവിക്കുന്നത്. ഹേമ കമ്മിറ്റിയാണ് പവർ ഗ്രൂപ്പ് എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്.
അവരുടെ റിപ്പോർട്ടിൽ അതിന് തെളിവുകളുമുണ്ട്. ആ തെളിവുകൾ പ്രകാരമേ ആ ഗ്രൂപ്പിൽ ആരൊക്കെ ഉണ്ടെന്ന് പറയാനാകൂ. ഉടയേണ്ട വിഗ്രഹങ്ങൾ ഉടയണം. വിശ്വാസവഞ്ചന കാണിച്ച വിഗ്രഹങ്ങൾ ഉടച്ചുകളയണം. സിദ്ദിഖിന്റെ രാജി കാവ്യനീതിയാണെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ എന്റെ അച്ഛന് അങ്ങനെ തോന്നുന്നുണ്ടാവാം’ എന്നാണ് ഷമ്മി തിലകൻ പറഞ്ഞത്.