ആറ് വര്‍ഷക്കാലം നീണ്ട പ്രണയത്തിനൊടുവിൽ കാമുകിയെ പ്രൊപ്പോസ് ചെയ്ത് നടനും ഡാൻസറുമായ റിഷി എസ് കുമാർ. വെറും പ്രൊപ്പോസൽ അല്ല, സോഷ്യൽ മീഡിയ ഇളക്കിമറിച്ചുകൊണ്ടുള്ള ഒരു പ്രൊപ്പോസലാണ് ഉപ്പും മുളകിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ മുടിയൻ നടത്തിയത്. തന്റെ യൂട്യൂബ് ചാനലിലൂടെ താരം ഇതിന്റെ വീഡിയോ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
സെലിബ്രിറ്റികളുടെ നിരവധി പ്രൊപ്പോസൽ വീഡിയോകൾ ദിനംപ്രതി നാം കാണാറുണ്ടെങ്കിലും അവയിൽ നിന്നും വ്യത്യസ്തമായാണ് റിഷി തന്റെ കൂട്ടുകാരിയെ ജീവിതത്തിലേയ്ക്ക് ക്ഷണിച്ചത്. കൊച്ചിയിലെ ഇന്ദ്രിയ അഡ്വഞ്ചര്‍ പാര്‍ക്കില്‍ വെച്ച് ‘ട്രെഷര്‍ ഹണ്ട്’ പോലെയായിരുന്നു സർപ്രൈസ് പ്രൊപ്പോസൽ ഒരുക്കിയത്. റിഷിയുടെ കുടുംബം, സുഹൃത്തുക്കള്‍, അനുജന്മാര് എന്നിവരുടെ സഹായത്തോടെയായിരുന്നു പരിപാടി. അമ്മയോട് അനുമതി വാങ്ങുന്നതാണ് ആദ്യം വീഡിയോയില്‍ കാണാനാവുക. നൂറ് ശതമാനം സമ്മതം എന്ന് അമ്മ ഇതിന് മറുപടിയും നൽകി.
ഡോക്ടറും നർത്തകിയും നടിയുമായ ഐശ്വര്യ ഉണ്ണിയാണ് റിഷിയുടെ ജീവിതസഖിയാകാൻ പോകുന്നത്. നിരവധി സീരിയലുകളിലൂടെ ഐശ്വര്യ ഇതിനോടകം കുടുംബ പ്രേക്ഷകർക്ക് സുപരിചിതയാണ്. ഐശ്വര്യയ്ക്ക് ഒരു കുട്ടി ടാസ്ക്കൊക്കെ നൽകിയാണ് പ്രപ്പോസിങിനായി ഒരുക്കിയ സ്ഥലത്തേക്ക് എത്തിച്ചത്. അതിനിടയിൽ റിഷി നൽകാറുള്ള സമ്മാനങ്ങളെക്കുറിച്ചെല്ലാം ഐശ്വര്യ സംസാരിക്കുന്നുമുണ്ട്.
ഒടുവിൽ പൂക്കൾ നിറച്ച ബൊക്ക സമ്മാനിച്ച ശേഷം ഡയമണ്ട് മോതിരം നീട്ടി സ്റ്റൈലിഷ് ലുക്കിൽ റിഷി ഐശ്വര്യയെ പ്രൊപ്പോസ് ചെയ്തു. ഇതുകണ്ട് മറിച്ചൊന്ന് ആലോചിക്കാൻ പോലും നിൽക്കാതെ ഐശ്വര്യ സമ്മതം അറിയിച്ചു. ശേഷം കാമുകിയെ ചുംബിച്ച് റിഷി തന്റെ സന്തോഷം പ്രകടിപ്പിച്ചു. വെറൈറ്റി പ്രൊപ്പോസലിന്റെ വീഡിയോ താരം ആരാധകരുമായി പങ്കിട്ടതോടെ സംഭവം വൈറലാകുകയും ചെയ്തു.