നടിയെ പീഡിപ്പിച്ച കേസിൽ നടനും എം.എൽ.എയുമായ എം. മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ അഡീഷണൽ സെഷൻസ് കോടതി മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാലാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്.
ഇന്ന് രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. ചോദ്യം ചെയ്യൽ ഉച്ചയ്ക്ക് 1.15 വരെ നീണ്ടുനിന്നു. ചോദ്യം ചെയ്യലിന് ശേഷം വൈദ്യപരിശോധനക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. വൈദ്യപരിശോധനക്ക് ശേഷം മുകേഷിനെ വിട്ടയക്കുകയായിരുന്നു.
സിനിമയിൽ അവസരവും സിനിമ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. വടക്കാഞ്ചേരി പൊലീസും മരട് പൊലീസും രജിസ്റ്റർ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരെയുള്ളത്. ഈ കേസുകളിലാണ് പൊലീസ് ചോദ്യം ചെയ്തത്.