ആലുവയിൽ അഞ്ചുവയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ അപലപിച്ചും സർക്കാരിനേയും ചലച്ചിത്രതാരങ്ങളെയും കുറ്റപ്പെടുത്തിയും നടൻ കൃഷ്ണകുമാർ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം വിമർശനം ഉന്നയിച്ചത്. മണിപ്പൂരിലോ കാശ്മീരിലോ പേരുപോലുമറിയാത്ത ഏതെങ്കിലും ഉൾനാടൻ വടക്കേ ഇന്ത്യൻ ഗ്രാമത്തിലോ നടക്കുന്ന വാർത്തകൾ വളഞ്ഞൊടിഞ്ഞ് കേരളത്തിൽ എത്തുമ്പോൾ മെഴുകുതിരി കത്തിക്കാൻ തീപ്പെട്ടി അന്വേഷിക്കുന്ന പ്രബുദ്ധ മലയാളികളെ ഇപ്പോൾ കണ്ടില്ലെന്നും കൃഷ്ണകുമാർ ഫേയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
കഴിഞ്ഞദിവസം ഉച്ച മുതൽ ഈ നിമിഷം വരെ ഉള്ളിൽ നന്മയുള്ള ഏതൊരു മലയാളിയും മനസ്സും മനഃസാക്ഷിയും മരവിച്ച ഒരവസ്ഥയിലാണെന്ന് പറഞ്ഞുകൊണ്ടാണ് കൃഷ്ണകുമാർ ഫെയ്സ്ബുക്ക് കുറിപ്പ് ആരംഭിച്ചത്. ആലുവയിലെ ആ കൊച്ചു പെൺകുട്ടിയുടെ മുഖം വലിയ നടുക്കവും വീണ്ടും ഒരുപാട് ചോദ്യങ്ങളും ഉയരുന്നുണ്ട്. അടക്കാൻ പറ്റാത്തത്രയും നിസ്സഹായതയും രോഷവുമുണ്ട്. രണ്ടാഴ്ചകൾക്കു മുൻപ് അപമാനഭാരം കൊണ്ട് താണുപോയ ഇവിടുത്തെയൊരു പ്രമുഖ സിനിമാനടന്റെ തല അതിനുശേഷമോ ഇപ്പോഴോ, പഴയ സ്ഥാനത്ത് പൊങ്ങിവന്നതായി കാണുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസമാണ് കേരളമനഃസാക്ഷിയെ ഞെട്ടിച്ച ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കൊലപാതക വാർത്ത പുറത്ത് വന്നത്. ആലുവ ചൂർണിക്കര പഞ്ചായത്തിൽ വാടകയ്ക്ക് താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളായ ഒന്നാംക്ലാസ് വിദ്യാർഥിനിയെ വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് വീട്ടിൽനിന്ന് കാണാതായത്. പിന്നീട് ആലുവ മാർക്കറ്റിന് പിറകിലെ കാടുമൂടിയ സ്ഥലത്ത് മാലിന്യക്കൂമ്പാരത്തിൽ പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ കാണാതായി 21 മണിക്കൂർ പിന്നിട്ട ശേഷമായിരുന്നു മൃതദേഹം കണ്ടെത്തിയത്. പ്രതി അസ്ഫാക് ആലത്തെ ഞായറാഴ്ച കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് ഇയാളെ ആലുവ സബ് ജയിലിലേക്ക് മാറ്റുകയും ചെയ്തു.