യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി ചലച്ചിത്രതാരം കൈലാഷ്. വിസാ നടപടികൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് കൈലാഷ് പാസ്പോർട്ട് സ്വീകരിച്ചത്. 10 വർഷത്തെ വിസയാണ് പതിച്ചിരിക്കുന്നത്. ലാൽ ജോസ് ഒരുക്കിയ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് കൈലാഷ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. നിരവധി ചിത്രങ്ങളിലാണ് താരം ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചത്.
ബിസിനസ്-ചലച്ചിത്ര-കായിക രംഗത്തുനിന്ന് ഉൾപ്പെടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് യുഎഇ ഗോൾഡൻ വിസ നൽകുന്നത്. നേരത്തേ മലയാളസിനിമയിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, ടൊവിനോ തോമസ്, ജയസൂര്യ, ആസിഫ് അലി, ആശ ശരത്ത്, ശ്വേതാ മേനോൻ തുടങ്ങി നിരവധി താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു.