ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ഒരാഴ്ച മുമ്പ് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ എം.പിയും നടനുമായ ഇന്നസെൻ്റിൻ്റെ ആരോഗ്യനില അതീവ ഗുരുതരം. ആരോഗ്യസ്ഥിതി വഷളായെങ്കിലും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘമാണ് ഇന്നസെൻ്റിന് ചികിത്സ നൽകുന്നത്.
അർബുദത്തെ തുടർന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകൾ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാൻസറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തി കൂടിയാണ്.കാന്‍സർ വാർഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹത്തെ ഉദ്ധരണികൾ കേരള വിദ്യാഭ്യാസ വകുപ്പ് പാഠപുസ്തകങ്ങളിലും ഉൾപ്പെടുത്തിയിരുന്നു.
എംപി ആയിരുന്നപ്പോൾ ക്യാൻസർ ബാധിതരെ സംരക്ഷിക്കുന്നതിനും ചികിത്സാസൌകര്യങ്ങൾ ഒരുക്കുന്നതിനും അദ്ദേഹം പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. അങ്കമാലി. ചാലക്കുടി, ആലുവ, പെരുമ്പാവൂര്‍ തുടങ്ങി അഞ്ചിടങ്ങളിൽ മാമോഗ്രാം ചികിത്സാ കേന്ദ്രം സ്ഥാപിക്കുകയും ചെയ്തിരുന്നു.
1972ൽ അരങ്ങേറ്റം കുറിച്ച ഇന്നസെന്റ് 750ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മകൾ, കടുവ തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഇന്നസെൻ്റ് ശ്രദ്ധേയമായ വേഷങ്ങളാണ് കൈകാര്യം ചെയ്തത്. പുറത്തിറങ്ങാനിരിക്കുന്ന നിരവധി ചിത്രങ്ങളുടേയും ഭാഗമാണ്. മൂന്ന് തവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ അദ്ദേഹം 2014-19 കാലയളവിലാണ് ചാലക്കുടി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെൻ്റിലെത്തിയത്.