സൗദിയിൽ ലൈസൻസില്ലാതെ പൊതു-സ്വകാര്യ പരിപാടികൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി സൗദി മുനിസിപ്പൽ – റൂറൽ മന്ത്രാലയം. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. ഇതിന്റെ ഭാഗമായി എല്ലാ വിനോദ പരിപാടികളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലൈസൻസില്ലാതെ നിരവധി വിനോദ പരിപാടികൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. വിവിധ ഏജൻസികൾ, പൊതുവകുപ്പുകൾ നടത്തുന്നവർ എന്നിവയ്ക്ക് ഇതിനോടകം അടിയന്തര സർക്കുലർ അയച്ചു. വിവിധ പരിപാടികൾ നടത്തുന്നതിന് 60 ദിവസം മുമ്പ് ലൈസൻസിനുള്ള അപേക്ഷകൾ സമർപ്പിക്കണമെന്നാണ് നിർദേശം.
ഉള്ളടക്കം സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തി വേണം അപേക്ഷ സമർപ്പിക്കാൻ. കൂടാതെ പരിപാടി നടത്താൻ ഉദ്ദേശിക്കുന്ന പ്രദേശങ്ങളിലെ സെക്രട്ടേറിയേറ്റുകളിലും മുനിസിപ്പാലിറ്റികളിലും പബ്ലിക് റിലേഷൻസുമായി ബന്ധപ്പെട്ട വകുപ്പുകളിലും ആവശ്യമായ നടപടികൾ പൂർത്തിയാക്കണമെന്നും അധികൃതർ നിർദേശിച്ചു.