ഷാരോൺ വധക്കേസിന്റെ വിചാരണ കന്യാകുമാരി ജെഎഫ്എംസി കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് സെപ്റ്റംബർ 25ന് ഗ്രീഷ്മ ജയിൽ മോചിതയായിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രീഷ്മയുടെ നീക്കം.
കഴിഞ്ഞ വർഷം ഒക്ടോബർ 31നാണ് പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ കാമുകി ആയിരുന്ന ഗ്രീഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. സൈനികനുമായുള്ള വിവാഹം ഉറപ്പിച്ചിട്ടും മുൻ കാമുകനായ ഷാരോൺ പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാതെ വന്നതോടെ വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. ഗ്രീഷ്മയെ കൂടാതെ കുറ്റകൃത്യത്തിനു സഹായികളായതിനും തെളിവു നശിപ്പിച്ചതിനും ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവർ ഇരുവർക്കും നേരത്തേ ജാമ്യം ലഭിച്ചു.
വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയ ഷാരോൺ 2022 ഒക്ടോബർ 25ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യത്തിൽ ഇറങ്ങാൻ ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യവും നൽകണമെന്നായിരുന്നു വ്യവസ്ഥ. വിചാരണക്കോടതിയിൽ കേസ് പരിഗണിക്കുന്ന ദിവസങ്ങളിലെല്ലാം പ്രതി ഹാജരാകുകയും വേണം. നിലവിലെ വിലാസവും ഫോൺ നമ്പറും അന്വേഷണ ഉദ്യോഗസ്ഥനു കൈമാറണം. വിചാരണയിൽ ഇടപെടുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്നും കോടതി പ്രതിയോട് നിർദേശിച്ചിട്ടുണ്ട്.