ആദായനികുതി വകുപ്പ് വ്ളോഗർമാരുടെ വീടുകളിൽ പരിശോധന നടത്തിയത് മാസങ്ങളുടെ നിരീക്ഷണത്തിന് ശേഷം.30 പേരുടെ അക്കൗണ്ടുകളാണ് മാസങ്ങളോളം നിരീക്ഷിച്ചത്. ഇതിൽ 13 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയാണ് പരിശോധന ആരംഭിച്ചത്. നികുതി അടക്കാൻ തയാറാവാത്തവർക്കെതിരെ നടപടി കടുപ്പിക്കാനാണ് തീരുമാനം.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ വരുമാന സ്രോതസ്സുകൾ വെളിപ്പെടുത്താനുള്ള അവസരമാണ് ഐടി വിഭാഗം വ്ളോഗർമാർക്ക് നൽകിയിരിക്കുന്നത്. അവർ നൽകിയ കണക്കുകൾ പരിശോധിച്ച ശേഷം സേവന ദാതാക്കളോട് കണക്കുകൾ ആവശ്യപ്പെടും. ആദായനികുതി അടയ്ക്കാൻ തയാറാകാത്ത വ്ളോഗർമാരുടെ അക്കൗണ്ടുകൾ നീക്കാനാണ് ഐടി വിഭാഗത്തിന് ലഭിച്ചിട്ടുള്ള നിർദേശം.
ഇന്നലെയാണ് കേരളത്തിലെ പ്രമുഖ വ്ളോഗർമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടന്നത്. വർഷം രണ്ട് കോടിയിൽ അധികം വരുമാനമുള്ള ചിലർ ഒരിക്കൽപോലും ആദായനികുതി അടച്ചിട്ടില്ല. ചിലർ ആദായനികുതി റിട്ടേൺ സമർപ്പിച്ചപ്പോൾ ഇത്തരം വരുമാനം ലഭിക്കുന്ന കാര്യം മറച്ചുവെച്ചു. എന്നാൽ ഇവർക്ക് നൽകുന്ന വേതനത്തേക്കുറിച്ച് സേവനദാതാക്കളുടെ പക്കൽ കൃത്യമായ കണക്കുണ്ട്. ഇത് വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടില്ല. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടാൽ ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറേണ്ടതായി വരും.