കുവൈത്തിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഏഴ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ അഞ്ചിന് ഫിൻദാസിലെ സെവൻത് റിങ് റോഡിലായിരുന്നു അപകടം.
മലയാളികളായ ബിനു മനോഹരൻ, സുരേന്ദ്രൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഉത്തരേന്ത്യക്കാരാണ് മരിച്ച ഇന്ത്യക്കാരെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന സ്വകാര്യ കമ്പനിയിലെ ജോലിക്കാർ സഞ്ചരിച്ച മിനിബസിൽ സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു. തുടർന്ന് മിനിബസ് അബ്ദുല്ല അൽ മുബാറക് ഏരിയയ്ക്ക് എതിർവശത്തുള്ള യു ടേൺ പാലത്തിന്റെ കൈവരിയിലിടിച്ച് തകർന്നു.
ഉടൻ സ്ഥലത്തെത്തിയ എമർജൻസി റെസ്പോണ്ട് ടീം പൂർണമായും തകർന്ന മിനിബസ് പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. 10 പേരായിരുന്നു ബസിലുണ്ടായിരുന്നത്. ആറ് പേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലും വെച്ചാണ് മരണപ്പെട്ടത്.