കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനെത്തുടര്‍ന്ന് പതിനഞ്ചു കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീന്റെ വീട്ടില്‍ ഉള്‍പ്പെടെയാണ് കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയത്. 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതായും ഇഡി അറിയിച്ചു. കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസില്‍ എസി മൊയ്തീനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുമെന്നാണ് സൂചന. ചോദ്യം ചെയ്യലിന് ഹാജരാകാനായി ഉടന്‍ നോട്ടീസ് അയക്കും. ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീന് നിരന്തരബന്ധമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ക്രമക്കേടുകള്‍ നടത്താനായി കരുവന്നൂര്‍ സഹകരണബാങ്കില്‍ രണ്ടു രജിസ്റ്ററുകള്‍ ഉണ്ടായിരുന്നതായും കണ്ടെത്തി.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ അന്വേഷണവുമായി ബന്ധപ്പെട്ട് അഞ്ചു കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. ബാങ്കില്‍നിന്ന് 150 കോടി രൂപ ബിനാമി ഇടപാടിലൂടെ തട്ടിയെടുത്തെന്ന കേസിലാണ് അന്വേഷണമെന്ന് ഇഡി അറിയിച്ചു.
ED conducted search operations under PMLA, 2002 on 22/08/2023 at 5 locations across the State of Kerala as part of investigation against benamis and beneficiaries who siphoned off bank funds of more than Rs. 150 Crore from Karuvannur Service Cooperative Bank Ltd.
— ED (@dir_ed) August 24, 2023