അബുദാബിയിൽ സിവിൽ തർക്കം ചർച്ചയിലൂടെ തീർപ്പാക്കാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു. വാണിജ്യ, സ്വത്ത്, സിവിൽ തർക്കങ്ങൾ കോടതിയിലേയ്ക്ക് എത്താതെ ചർച്ചയിലൂടെ തീർപ്പാക്കാൻ ഡിജിറ്റൽ മീഡിയേഷൻ പ്ലാറ്റ്ഫോമാണ് ആരംഭിച്ചത്. ഒരു മധ്യസ്ഥന്റെ നേതൃത്വത്തിൽ ചർച്ചയിലൂടെ കേസുകൾ പരിഹരിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഡിജിറ്റൽ മീഡിയേഷൻ പ്ലാറ്റ്ഫോമിൽ അറബിക്, ഇംഗ്ലീഷ് ഭാഷകളിലാണ് ആശയവിനിമയം നടത്താൻ സാധിക്കുക. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റിന്റെ വെബ്സൈറ്റിലൂടെയാണ് പ്ലാറ്റ്ഫോമിൽ പ്രവേശിക്കേണ്ടത്. ഇതിൽ തർക്കങ്ങളും പരാതികളും റജിസ്റ്റർ ചെയ്യാൻ മീഡിയേഷൻ പ്ലാറ്റ്ഫോമിൽ ഉപഭോക്താവ് വെർച്വൽ നെഗോഷ്യേഷൻ സ്പെയ്സ് ഉണ്ടാക്കണം. തുടർന്ന് തർക്ക ഫയൽ അപ്ഡേറ്റ് ചെയ്താൽ മൊബൈൽ നമ്പറിൽ ചർച്ചയ്ക്കുള്ള തീയതി അറിയിക്കും.
ഓൺലൈൻ ചർച്ചയ്ക്കുള്ള ലിങ്ക് ഇമെയിൽ വഴിയാണ് ലഭിക്കുക. ആ ദിവസം ആ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ മൊബൈലിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് പ്രവേശിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതോടെ ഇരു കക്ഷികളുമായുള്ള ചർച്ച ആരംഭിക്കും. ഒത്തുതീർപ്പിലെത്തിയാൽ ബന്ധപ്പെട്ട ജഡ്ജി രേഖകളും തീരുമാനവും പരിശോധിച്ച് അംഗീകാരം നൽകുകയും ചെയ്യും. ഏതെങ്കിലും സാഹചര്യത്തിൽ ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ കേസ് കോടതിക്ക് കൈമാറും.