വാഹനാപകടങ്ങൾക്ക് കാരണമാകുന്ന രീതിയിൽ റോഡുകളിൽ വാഹനങ്ങൾ പെട്ടെന്ന് തിരിക്കുന്നതിനെതിരെ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്. ഈ പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതിന് വേണ്ടി പൊലീസ് മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്ററുമായി സഹകരിച്ച് ‘യുവർ കമന്റ്’ സംരംഭത്തിന്റെ ഭാഗമായി അപകട ദൃശ്യങ്ങൾ കാണിക്കുന്ന വിഡിയോയും പോലിസ് പുറത്തിറക്കിയിട്ടുണ്ട്.
അതേസമയം ട്രാഫിക് നിയമം അനുസരിച്ച് നിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന ലൈറ്റ് വാഹനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തും. കൂടാതെ പെട്ടെന്ന് വാഹനം വളച്ചൊടിച്ചാൽ നാല് ട്രാഫിക് ബ്ലാക്ക് പോയിന്റുകൾക്കൊപ്പം 1000 ദിർഹം പിഴയും ചുമത്തും. ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും പെട്ടെന്നുള്ള വ്യതിയാനങ്ങൾ, അനുചിതമായ ഓവർടേക്കിങ് തുടങ്ങിയ വേഗത്തിലുള്ള ഡ്രൈവിങ് ഒഴിവാക്കണമെന്നും ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് ഡ്രൈവർമാരോട് അഭ്യർഥിച്ചു.
മാത്രമല്ല, പാത മാറ്റുന്നതിനോ മറികടക്കുന്നതിനോ മുൻപ് റോഡ് വ്യക്തമാണെന്ന് ഉറപ്പാക്കണം. എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷയെ അപകടത്തിലാക്കുന്ന അശ്രദ്ധമായ ലെയ്ൻ മാറ്റങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അബുദാബി പോലീസ് നിർദ്ദേശിച്ചു.