അബുദാബിയിൽ ഇനി മരണ സർട്ടിഫിക്കറ്റിനായി ഓഫീസുകൾ കയറിയിറങ്ങേണ്ട ആവശ്യമില്ല. മരണ സർട്ടിഫിക്കറ്റ് ഓൺലൈൻ വഴി ലഭ്യമാക്കിയിരിക്കുകയാണ് അധികൃതർ. കുടുംബാംഗങ്ങൾ മരണപ്പെട്ടതിന്റെ വേദനയിൽ കഴിയുന്നവർ വിവിധ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഓഫീസുകൾ കയറിയിറങ്ങുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ആരോഗ്യ വകുപ്പിന്റെ സൈറ്റിൽ സനദ്കോം പോർട്ടൽ വഴി അപേക്ഷിക്കുന്നവർക്ക് ഉടൻ മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്ന സംവിധാനമാണ് ആരംഭിച്ചത്. ഇതിനുപുറമെ കബറടക്കത്തിന്റെ നടപടികൾ പൂർത്തിയാക്കുന്നതിനായി കബർസ്ഥാനിലേയ്ക്കും അധികൃതർ നിർദേശം നൽകും. പരീക്ഷണാർത്ഥം യുഎഇ പൗരന്മാർക്കായി അബുദാബിയിൽ ആരംഭിക്കുന്ന സേവനം വിജയകരമായാൽ എല്ലാ രാജ്യക്കാർക്കുമായി യുഎഇയിൽ പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.
എമിറേറ്റിലെ 7 സർക്കാർ സ്ഥാപനങ്ങളുടെയും സേവനങ്ങൾ ഡിജിറ്റലായി ഏകീകരിച്ചാണ് നടപടികൾ ലഘുകരിച്ചത്. സേവനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായി മരിച്ചവരുടെ കുടുംബാംഗങ്ങളെ സഹായിക്കാൻ ഒരു പ്രതിനിധിയെയും അധികൃതർ നിയോഗിക്കും. മരണ സർട്ടിഫിക്കറ്റ് നേടൽ, സംസ്കാരത്തിനുള്ള ക്രമീകരണം, പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കൽ തുടങ്ങിയ ഇടപാടുകൾ പൂർത്തിയാക്കാൻ ഈ പ്രതിനിധി കുടുംബങ്ങളെ സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.