വാഹനത്തിൽ പുകവലിച്ചശേഷം സിഗരറ്റ് കുറ്റികൾ പുറത്തേക്കെറിഞ്ഞാൽ 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. സിഗരറ്റ് മാത്രമല്ല ചായക്കപ്പ്, കവറുകൾ, മറ്റു പാഴ്‌വസ്തുക്കൾ എന്നിവ പുറത്തേക്കു എറിയുന്നവർക്ക്, പിഴ കൂടാതെ ലൈസൻസിൽ ബ്ലാക്ക് മാർക്കും വീഴും.
വണ്ടിയുടെ ഗ്ലാസ് പകുതി താഴ്ത്തി കൈ പുറത്തേക്കിട്ടു സിഗരറ്റ് വലിക്കുന്നവർ കുറ്റിയെരിഞ്ഞു തീരുമ്പോൾ ആരും കാണാതെ പുറത്തേക്കിടാറുണ്ട്. വണ്ടിയിലിരുന്ന് ചായ കുടിക്കുന്നവരും കപ്പുകൾ പുറത്തേക്കാണ് കളയുക.
ഇത്തരം പെരുമാറ്റങ്ങൾ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. പ്രകൃതിക്കു ദോഷമാകുന്ന പ്രവൃത്തികൾ ചെയ്താൽ 1000 ദിർഹം പിഴയും ലൈസൻസിൽ 6 ബ്ലാക്ക് പോയിൻ്റമാണ് ശിക്ഷ.
പുകവലിച്ചത് കുട്ടികളാണെങ്കിൽ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ‘വദീമ’ നിയമ പ്രകാരമായിരിക്കും കുറ്റക്കാരെ ശിക്ഷിക്കുക. പുകയില ഉൽപന്നങ്ങൾ 18 വയസിന് താഴെയുള്ള കുട്ടികൾക്ക് വിൽക്കുന്നതിന് വിലക്കുണ്ട്. പൊതുഗതാഗതം, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങൾ, കായിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം പുകവലി നിരോധിച്ചിട്ടുണ്ട്.
12 വയസ്സിൽ താഴെയുള്ള കുട്ടികൾ വാഹനത്തിലുള്ളപ്പോൾ പുകവലിക്കുന്നവരെ നിരീക്ഷിച്ചു പിടിക്കാൻ പട്രോളിങ് വാഹനങ്ങളും റോഡിലുണ്ടാകും. പിടിക്കപ്പെട്ടാൽ ആദ്യഘട്ടത്തിൽ 500 ദിർഹം പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിച്ചാൽ പുകയില പ്രതിരോധ നിയമപ്രകാരം പിഴ 10000 ദിർഹമായി ഉയരും.