അബുദാബിയിൽ വാഹനമോടിക്കുന്നവരും ഇതര എമിറേറ്റുകളിൽ നിന്ന് അബുദാബിയിലെത്തുന്നവരും ടോൾ സംവിധാനമായ ദർബിൽ റജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദശം. പണമില്ലാതെ ടോൾ പാലം കടന്നാൽ പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.
‘ദർബ് ‘ മൊബൈൽ ആപ്പിലൂടെയും, http://darb.itc.gov.ae എന്ന വെബ് സൈറ്റ് വഴിയും ദർബ് അക്കൗണ്ട് രജിസ്റ്റർ ചെയ്യാം. 100 ദിർഹമാണ് തുക. ഇതിൽ 50 ദിർഹം ടോളിനായി ഉപയോഗിക്കാം. 4 ദിർഹമാണ് ഓരോ തവണയും ടോളിനായി ഈടാക്കുന്നത്. ഇ– വാഹനങ്ങളെ ടോളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ
ട്രാഫിക് ഇ- അക്കൗണ്ട് ഉള്ളവരും ദർബ് അക്കൗണ്ട് നവീകരിക്കണമെന്നാണ് നിർദ്ദേശം.
ഷെയ്ഖ് ഖലീഫ ബിൻ സായിദ്, അൽ മഖ്ത, മുസഫ, ഷെയ്ഖ് സായിദ് എന്നീ നാല് പ്രധാന പാലങ്ങളിലാണ് ടോൾ ഗേറ്റ് നിലവിലുളളത്. സ്വകാര്യ വാഹനങ്ങൾ എത്ര തവണ ടോൾ കടന്നാലും പരമാവധി 16 ദിർഹമേ പ്രതിദിനം ഈടാക്കൂ. ഒന്നിലധികം സ്വകാര്യ വാഹനങ്ങളുണ്ടെങ്കിൽ പ്രതിമാസം ആദ്യ വാഹനത്തിന് 200 ദിർഹവും മറ്റു വാഹനങ്ങൾക്ക് എണ്ണം അനുസരിച്ച് 150, 100 എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിട്ടുളളത്. എന്നാൽ കമ്പനികളുടെ വാഹനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
മതിയായ തുക ദർബ് അക്കൗണ്ടിൽ ഇല്ലാതെ നിശ്ചിത പാലങ്ങൾ കടന്നാൽ 50 ദിർഹമാണ് പിഴ ഈടാക്കുക. പണം അക്കൗണ്ടിലിടാൻ 5 ദിവസം സാവകാശം ലഭിക്കും. തിരിമറികൾ നടത്തിയാൽ 10000 ദിർഹം വരെ പിഴ ഈടാക്കും. ഇതര എമിറേറ്റിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കും നിബന്ധന ബാധകമാണ്.തലസ്ഥാന നഗരിയിലെ ടോൾ സംവിധാനമായ ദർബിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 20.14 ലക്ഷം കടന്നു. ദുബായിലെ സാലിക്കിന് സമാനമാണ് അബുദാബിയിലെ ദർബ്.