അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദിൻ്റെ ഇന്ത്യാ സന്ദർശനം ഇന്ന് ആരംഭിക്കും. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തും. മറ്റ് ഉന്നത ഇന്ത്യൻ ഉദ്യോഗസ്ഥരുമായും ഷെയ്ഖ് ഖാലിദ് കൂടിക്കാഴ്ച നടത്തും.
ഇരുരാജ്യങ്ങളുടെയും സാമ്പത്തിക മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ തേടുന്നതിനായി അബുദാബി കിരീടാവകാശിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചർച്ചകൾ നടത്തും. അതോടൊപ്പം യുഎഇയും ഇന്ത്യയും പങ്കിടുന്ന സാമ്പത്തിക സാംസ്കാരിക ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന നിരവധി പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.
മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, യുഎഇയിലെ പ്രമുഖ സാമ്പത്തിക പങ്കാളികൾ എന്നിവരുൾപ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘവും ഷെയ്ഖ് ഖാലിദിനെ അനുഗമിക്കും.