ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അനധികൃത ടാക്സികൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി അബുദാബി പൊലീസ്. നിയമലംഘകരെ കണ്ടെത്താൻ കർശനമായ പരിശോധനയാണ് അധികൃതർ നടത്തിവരുന്നത്. പിടിക്കപ്പെട്ടാൽ വൻ തുക പിഴ അടയ്ക്കേണ്ടി വരുമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. വിമാനത്താവളം, ബസ് സ്റ്റാൻഡ്, തിരക്കേറിയ നഗരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സമാന്തര ടാക്സികൾ വർധിച്ച സാഹചര്യത്തിലാണ് നടപടി.
കുറഞ്ഞ തുകയ്ക്ക് ടാക്സികൾ ലഭിക്കുമ്പോൾ പലരും യാത്രയ്ക്കായി അത്തരം ടാക്സികളാണ് ഉപയോഗിക്കുന്നത്. കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താതെ അനധികൃത ടാക്സികൾ നടത്തുന്ന യാത്രയ്ക്ക് സുരക്ഷിതത്വം ഉണ്ടാകില്ലെന്നും അപകടം ഉണ്ടായാൽ അപരിചിതരായ ഡ്രൈവർമാർ കടന്നുകളയുമെന്നും ഇത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതോടൊപ്പം അപകടം നടന്നാൽ ഇൻഷുറൻസ് പരിരക്ഷയോ നഷ്ടപരിഹാരമോ ലഭിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതോടൊപ്പം, അപരിചിതരോട് അന്യായമായ യാത്രാക്കൂലി വാങ്ങുന്നവരും ധാരാളമുണ്ട്. മാത്രമല്ല, ദീർഘദൂര യാത്രയ്ക്കിടെ മരുഭൂമിയിലെ ഒഴിഞ്ഞ പ്രദേശങ്ങളിൽ കൊണ്ടുപോയി യാത്രക്കാരെ കൊള്ളയടിച്ച സംഭവങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ട്. അതിനാൽ സ്വന്തമായി വാഹനമില്ലാത്തവർ സാധിക്കുന്നത്ര പൊതുഗതാഗത സംവിധാനം ആശ്രയിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാമെന്നും പൊലീസ് അറിയിച്ചു.
നിയമലംഘകർക്കെതിരെ ചുമത്തുന്ന ശിക്ഷാനടപടികളേക്കുറിച്ചും അധികൃതർ വ്യക്തമാക്കി. സമാന്തര ടാക്സി ഓടി പിടിക്കപ്പെട്ടാൽ 3000 ദിർഹം പിഴയും 24 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. കൂടാതെ ഒരു മാസത്തേക്ക് വാഹനം കണ്ടുകെട്ടും. കുറ്റം ആവർത്തിച്ചാൽ പിഴ 20,000 ദിർഹമായി പിഴ വർധിക്കും. മൂന്നാമതും പിടിക്കപ്പെട്ടാൽ 40,000 ദിർഹവും നാലാമത് 80,000 ദിർഹവും പിഴ ചുമത്തുകയും മൂന്ന് മാസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.