വേനല്‍ ചൂട് അതി കഠിനമാകുമ്പോൾ പ്രകൃതി സ്നേഹത്തിന്‍റെ പുതുകാഴ്ചകൾ പകരുകയാണ് അബുദാബി മുനിസിപ്പാലിറ്റി. പക്ഷികൾക്ക് കൂടൊരുക്കിയും വെളളവും അന്നവും ഉറപ്പാക്കിയുമാണ് നഗരസഭയുടെ കൈത്താങ്ങ്. ബേര്‍ഡ് വാട്ടറിംഗ് ആന്‍റ് നെസ്റ്റ് ബില്‍ഡിംഗ് എന്ന പദ്ധതിയുടെ ഭാഗമായാണ് പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങൾ.
പൊതുഇടങ്ങളിലേയും പാര്‍ക്കുകളിലേയും മരച്ചില്ലകളിലാണ് കിളിക്കൂടുകൾ സ്ഥാപിക്കുന്നത്. തടികൊണ്ടുളള ചെറുകൂടുകൾ. ചൂടിനൊപ്പം മഞ്ഞ്, പൊടിക്കാറ്റ് എന്നിവയില്‍ നിന്നും പക്ഷികൾക്ക് സംരക്ഷണം നേടാം. കുടിക്കാനും കുളിയ്ക്കാനുമുളള വെള്ളം പ്രത്യേകം കണ്ടെയ്നറുകളില്‍ മരച്ചില്ലകളില്‍ കെട്ടിത്തൂക്കുകയും ചെയ്യും.
ഒരുവട്ടം സ്ഥാപിച്ച് പിന്നിട് തിരിഞ്ഞുനോക്കാതെ പോകുന്ന രീതിയുമില്ല. കിളിക്കൂടും കണ്ടെയ്നറുകളും സംരക്ഷിക്കാന്‍ ജീവനക്കരേയും നിശ്ചയിച്ചിട്ടുണ്ട്. വെളളവും ധാന്യങ്ങളും ആവശ്യാനുസരണം നിറയ്ക്കേണ്ട ചുമതല ഇവര്‍ക്കാണ്. അബുദാബിയ്ക്ക് പിന്നാലെ ഇതര എമിറേറ്റുകളും സമാന പദ്ധതികൾ നടപ്പാക്കും.
വരും ദിവസങ്ങളില്‍ യുഎഇയിലെ ചൂട് അമ്പത് ഡിഗ്രി കടക്കുമെന്നാണ് സൂചനകൾ.. പുറംജോലി തൊഴിലാളികൾക്ക് ജൂണ്‍ 15 മുതല്‍ മൂന്ന് മാസത്തേക്ക് ഉച്ച വിശ്രമവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.