അബുദാബിയുടെ സാംസ്‌കാരിക പരിപാടിയായ അൽ ഹൊസൻ ഫെസ്റ്റിവൽ ജനുവരി 19-ന് ആരംഭിക്കും. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആന്റ് ടൂറിസമാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. യുഎഇയുടെ പൈതൃകത്തിന്റെ പ്രതീകമായ ഈ സാംസ്കാരിക മേള ജനുവരി 28-നാണ് സമാപിക്കുക.
എമിറേറ്റിലെ സാംസ്‌കാരിക പൈതൃകം നിലനിർത്തുന്നതിനും അതിന്റെ തനിമ കൈവിടാതെ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായാണ് എല്ലാ വർഷവും അബുദാബി അൽ ഹൊസൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. അബുദാബി നഗരത്തിന്റെ ഉത്പത്തിസ്ഥാനവും ചരിത്രപ്രസിദ്ധമായ ഖ്‌അസ്‌ർ അൽ ഹൊസൻ ഫോർട്ട് സ്ഥിതി ചെയ്യുന്ന സ്ഥലവുമായ അൽ ഹൊസ്‌നിലാണ് മേള നടത്തപ്പെടുക.
പ്രായഭേദമന്യേ എല്ലാ സന്ദർശകർക്കും ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലുള്ള പരിപാടികളാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ സംഗീത പരിപാടികൾ, സാംസ്കാരിക പ്രദർശനങ്ങൾ, കലാ-കരകൗശല പ്രദർശനങ്ങൾ, ഭക്ഷണശാലകൾ, സിനിമാപ്രദർശനങ്ങൾ തുടങ്ങിയവയും ഫെസ്റ്റിവലിൽ ഒരുക്കും.