അബുദാബിയിൽ ഇനി ഏകീകൃത ബസ് നിരക്കുകൾ. അബുദാബി നഗര, സബർബൻ ഗതാഗത സേവനങ്ങളെ ‘സ്റ്റാൻഡേർഡ് സർവീസിലേക്ക്’ സംയോജിപ്പിക്കുന്ന പുതിയ പൊതുഗതാഗത നിരക്ക് സമ്പ്രദായം ഫെബ്രുവരി 28 മുതൽ നടപ്പിലാക്കി തുടങ്ങും. ബസ് ബോർഡിംഗ് പാസുകൾക്ക് 30 ദിർഹം മുതൽ ഏഴ് ദിവസത്തേയ്ക്കും 30 ദിവസത്തെ പാസിന് 95 ദിർഹത്തിലുമായിരിക്കും നിരക്ക് ഈടാക്കുക. ബോർഡിംഗിന് സ്റ്റാൻഡേർഡ് നിരക്ക് 2 ദിർഹം കൂടാതെ ഓരോ കിലോമീറ്ററിനും 5 ഫിൽസ് അധികമായി സജ്ജീകരിക്കുകയും ചെയ്യും.
അതേസമയം എമിറേറ്റിലെ പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി കൂടുതൽ പ്രദേശങ്ങൾ ബസ് ശൃംഖലയിൽ ഉൾപ്പെടുത്തുമെന്നും അതോറിറ്റി അറിയിച്ചു. മാത്രമല്ല, അൽ ഐൻ, അൽ ദഫ്ര നഗരങ്ങളും സബർബൻ പ്രദേശങ്ങളും ഉൾപ്പെടുത്തി ബസ് റൂട്ടുകൾ വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച മുതൽ എല്ലാ നഗര, സബർബൻ ബസ് റൂട്ടുകളും സംയോജിപ്പിക്കും. അവസാന ടാപ്പ്-ഔട്ട് കഴിഞ്ഞ് 60 മിനിറ്റിനുള്ളിൽ പരമാവധി രണ്ട് ട്രാൻസ്ഫറുകൾക്ക് അധിക ബോർഡിംഗ് ഫീസ് നൽകാതെ ഉപയോക്താക്കൾക്ക് ബസുകൾക്കിടയിൽ മാറാൻ സാധിക്കും. മുൻ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ടിക്കറ്റുകളുടെ വിൽപ്പന ഇന്നലെ ഫെബ്രുവരി 27 മുതൽ നിർത്തലാക്കിയിട്ടുണ്ട്.
എങ്കിലും ഈ തീയതിക്ക് മുമ്പ് പാസുകൾ വാങ്ങിയവർക്ക് അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിൽ അവ ഉപയോഗിക്കാൻ കഴിയും. എന്നാൽ അവ സബർബൻ പ്രദേശങ്ങളിൽ ഉപയോഗിക്കാൻ സാധിക്കില്ല. മാത്രമല്ല, ഓരോ ബസിൽ നിന്നും കയറുമ്പോഴും ഇറങ്ങുമ്പോഴും ഹാലിഫത്ത് കാർഡുകൾ ടാപ്പ് ചെയ്യേണ്ടത് നിർബന്ധമാണ്. ഇല്ലെങ്കിൽ പിഴ ഈടാക്കും. പരിമിതമായ വരുമാനമുള്ള, അബുദാബി സോഷ്യൽ സപ്പോർട്ട് അതോറിറ്റിയുടെയോ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയത്തിന്റെയോ സോഷ്യൽ സപ്പോർട്ട് പ്രോഗ്രാമുകളിൽ എൻറോൾ ചെയ്തിട്ടുള്ള എമിറാത്തി കുടുംബങ്ങൾക്കും സബ്‌സിഡിയുള്ള പൊതുഗതാഗത പാസുകൾക്ക് അർഹതയുണ്ട്.