പൊതുയിടങ്ങളിൽ കുടിവെള്ള കൂളറുകൾ സ്ഥാപിക്കുന്നതിന് അനുമതി തേടണമെന്ന് വ്യക്തമാക്കി അബുദാബി സിറ്റി മുനിസിപ്പാലിറ്റി . ഈ കൂളറുകൾ ഉപയോഗിക്കുന്ന കമ്മ്യൂണിറ്റി അംഗങ്ങളുടെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നിയാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.
നിശ്ചിത മാനദണ്ഡങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി മാത്രമേ കൂളറുകൾ സ്ഥാപിക്കാൻ പാടുള്ളൂവെന്ന് വീടുകളുടെയും വില്ലകളുടെയും ഉടമസ്ഥർക്ക് നിർദേശം നൽകിയിട്ടുമുണ്ട്. പൊതു വാട്ടർ കൂളറുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർ സർക്കാർ സേവന പ്ലാറ്റ്‌ഫോമായ താമിലൂടെ അപേക്ഷിക്കണം.
പൊതു കുടിവെള്ള കൂളറുകളെ കുറിച്ച് മുനിസിപ്പാലിറ്റി സർവീസസ് സെക്ടർ – പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റ് മുഖേന നടത്തിയ പരിശോധനാ കാമ്പയിന് പിന്നാലെയാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. നഗരസഭയുടെ അനുമതി വാങ്ങാതെ പൊതുസ്ഥലങ്ങളിൽ കൂളറുകൾ സ്ഥാപിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. പൊതു കുടിവെള്ള കൂളറുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്ക് അബുദാബി സർക്കാർ സേവനമായ “TAMM” എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ എളുപ്പത്തിൽ പെർമിറ്റ് നേടാമെന്നും ആരോഗ്യം, പരിസ്ഥിതി, പൊതു സുരക്ഷാ വ്യവസ്ഥകൾ പാലിക്കുന്നതിനുള്ള എല്ലാ ആവശ്യകതകളും നൽകുമെന്നും അബുദാബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.