ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിൻ്റെ പേരിൽ അബുദാബിയിൽ ഒരു റസ്റ്റോറൻ്റ് അടച്ചുപൂട്ടാൻ ഉത്തരവ്. അബുദാബിയിലെ ദേശി പാക്ക് പഞ്ചാബ് റെസ്റ്റോറൻ്റാണ് അടച്ചുപൂട്ടാൻ അബുദാബി അഗ്രികൾച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി (അദാഫ്സ) ഉത്തരവിട്ടത്.
റസ്റ്റോറന്റിൽ ഭക്ഷണം തയ്യാറാക്കുന്ന സ്ഥലത്ത് നിരവധി പ്രാണികളെയും ശുചിത്വമില്ലായ്മയും കണ്ടെത്തിയതോടെയാണ് നടപടി. മാത്രമല്ല, റസ്റ്റോറന്റിൽ മോശം വായു സഞ്ചാരമാണുള്ളതെന്നും ഫുഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കി. ദേശി പാക് പഞ്ചാബ് റെസ്റ്റോറൻ്റ് ആവർത്തിച്ച് നിയമലംഘനങ്ങൾ നടത്തിയതായി കണ്ടെത്തിയതായും അധികൃതർ കൂട്ടിച്ചേർത്തു.
ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നതുവരെ റസ്റ്റോറന്റ് അടച്ചിടണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. അതോടൊപ്പം ഇത്തരം പൊതുസ്ഥലങ്ങളിൽ ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങളുണ്ടെങ്കിൽ 800555 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.