അബുദാബിയിൽ ഹലാൽ അല്ലാത്ത ഭക്ഷണം വിളമ്പിയ റസ്റ്റോറന്റ് അടപ്പിച്ചു. ഹലാൽ അല്ലാത്ത ഭക്ഷണം വിൽക്കുകയും ഹലാൽ ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്ന അതേ ഉപകരണങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുകയും ചെയ്ത റസ്റ്റോറന്റാണ് അബുദാബി അഗ്രികൾച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി അടച്ചുപൂട്ടിയത്. മുസ്സഫ ഏരിയയിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റാണ് അടപ്പിച്ചത്.
ഹലാൽ അല്ലാത്ത ഭക്ഷണങ്ങൾ വിൽക്കാനുള്ള പെർമിറ്റുകൾ നേടിയശേഷം മാത്രമേ റസ്റ്റോറന്റിന്റെ പ്രവർത്തനം ആരംഭിക്കാൻ അനുവദിക്കുകയുള്ളുവെന്നും ഹലാൽ അല്ലാത്ത ഭക്ഷണം പാകം ചെയ്യാൻ പ്രത്യേകം ഉപകരണങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ അബുദാബിയിൽ ശക്തമായ പരിശോധന നടത്തുമെന്നും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 800555 എന്ന നമ്പറിൽ പൊതുജനങ്ങൾ അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.