അബുദാബി ആരോഗ്യ മേഖലയ്ക്ക് വീണ്ടും അംഗീകാരം. കോവിഡിനെ പ്രതിരോധിച്ച ലോകത്തിലെ ഏറ്റവും മികച്ച നഗരമായി അബുദാബി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ലണ്ടന്‍ ആസ്ഥാനമായുളള ഡീപ് നോളജ് ഗ്രൂപ്പിന്‍റെ ഡീപ് ടെക് അനലിറ്റിക്കല്‍ വിഭാഗത്തിന്‍റേതാണ് അംഗീകാരം.
ആറ് പാരാമീറ്ററുകളെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്. സര്‍ക്കാരിന്‍റെ കാര്യക്ഷമത, സാമ്പത്തിക പ്രതിരോധം, ആരോഗ്യപരിപാലനം, ക്വാറന്റൈൻ നടപടികൾ, വാക്‌സിനേഷൻ തന്ത്രം, സാംസ്‌കാരിക അനുസരണം എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് അംഗീകാരം. 2021ലെ പട്ടികയിലും മുന്‍നിര നഗരമായി അബുദാബിയെ തെരഞ്ഞെടുത്തിരുന്നു. പുതിയ 28 നഗരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ പട്ടിക പുറത്തുവിട്ടത്.
പ്രതിദിനം 500,000ത്തിലധികം ടെസ്റ്റുകൾ നടത്താനുളള ശേഷിയാണ് എമിറേറ്റ് കൈവരിച്ചത്. ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്‌സിനേഷൻ സെന്ററുകൾ , ആശുപത്രികളിലെ രോഗികളുടെ കിടക്കകളുടെ എണ്ണം, തീവ്രപരിചരണ കിടക്കകൾ, കുറഞ്ഞ മരണനിരക്ക്, രോഗ വ്യാപനതോത് എന്നിവയില്‍ അബുദാബി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
കോവിഡ് പ്രതിരോധ ശേഷി വിലയിരുത്തി നൂറ് നഗരങ്ങളാണ് ഈ വര്‍ഷം പരിഗണനയ്ക്കെത്തിയത് .നേട്ടം അബുദാബിയുടെ ആരോഗ്യമേഖലയുടെ കരുത്താണെന്ന് അധികൃതര്‍ സൂചിപ്പിച്ചു. സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികൾ വിലയിരുത്തുന്നതിനും പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലും ഫലപ്രദമായ ഇടപെടല്‍ എന്ന നിലയിലാണ് താരതമ്യ പഠനത്തെ വീക്ഷിക്കുന്നതെന്നും ആരോഗ്യവിഭാഗം വ്യക്തമാക്കി.