വേനൽക്കാല സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നൽകുന്നതിനായി അബുദാബി പോലീസ് സേഫ് സമ്മർ കാമ്പയിൻ ആരംഭിച്ചു. കാമ്പയിനിന്റെ നാലാമത് പതിപ്പാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്കിടയിൽ വേനൽക്കാലത്ത് കൈക്കൊള്ളേണ്ട സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് അവബോധം വളർത്തുന്നതിനായാണ് അബുദാബി പോലീസ് ഇത്തരമൊരു പ്രചരണ പരിപാടി സംഘടിപ്പിക്കുന്നത്.
കാമ്പയിൻ ഓഗസ്റ്റ് 31 വരെ നീണ്ടുനിൽക്കും. ബോധവത്കരണ സന്ദേശങ്ങൾ, മാർഗനിർദേശങ്ങൾ തുടങ്ങിയവയിലൂടെയാണ് അബുദാബി പോലീസ് കാമ്പയിൻ നടത്തുന്നത്. നേരിട്ടും വിവിധ മാധ്യമങ്ങൾ വഴിയും സന്ദേശങ്ങൾ പ്രചരിപ്പിക്കും. വേനൽ അവധിദിനങ്ങളിലെ റോഡ് സുരക്ഷ, കുട്ടികൾക്കിടയിലെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സ്വിമ്മിങ്ങ് പൂളുകൾ, വാഹനങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട് വേനൽക്കാലത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക, അവധിക്കാല യാത്രകളിൽ വീടുകളുടെ സുരക്ഷ എന്നിവയിലാണ് പ്രധാനമായും ബോധവത്കരണം നൽകുന്നത്.