യുഎഇയിൽ ചൂട് കനത്തതോടെ നിയമവും കടുപ്പിച്ച് അധികൃതർ. ചൂടുകാലത്ത് കുട്ടികളെ വാഹനത്തിൽ തനിച്ചിരുത്തി പോകുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. 40 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയാണ് യുഎഇയിൽ അനുഭവപ്പെടുന്ന ചൂട്. പുറത്തു നിർത്തിയിടുന്ന വാഹനത്തിനുള്ളിൽ 60 ഡിഗ്രിക്ക് മുകളിൽ ചൂട് ഉയരുകയും ചെയ്യും. ഈ സാഹചര്യത്തിൽ വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി ഡോർ ലോക്ക് ചെയ്തുപോകുന്നത് മരണത്തിന് വരെ കാരണമാകും എന്നതിനാലാണ് പൊലീസ് മുന്നറിയിപ്പ് നൽകിയത്.
വാഹനങ്ങളിൽ ചൂട് നിയന്ത്രിക്കാൻ എ.സി ഓണാക്കിയാലും വെയിലത്ത് കിടക്കുന്ന വാഹനം ചൂടായി ഉള്ളിലെ താപനിലയിൽ വ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതോടെ കുട്ടികളിലും പ്രായമേറിയവരിലും അസ്വസ്ഥതയുണ്ടാകും. മാത്രമല്ല കടുത്ത ചൂടിനൊപ്പം വാഹനത്തിനുള്ളിൽ നിന്നു പുറപ്പെടുന്ന വിഷവായുവും മരണത്തിന് കാരണമാകും. കുട്ടികളിൽ നിർജലീകരണം കൂടിയാകുമ്പോൾ മരണം വേഗത്തിലാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കൂടാതെ കുട്ടികൾ വാഹനത്തിൽ കളിക്കുന്നതിനിടെ ഗിയർ മാറ്റിയും എസിയും എഞ്ചിനും ഓഫാക്കിയും സ്വന്തമായി വാഹനം ഓടിച്ചുനോക്കിയും അപകടമുണ്ടാകാൻ സാധ്യതയുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ജൂൺ മുതൽ ഓഗസ്റ്റ് വരെ കടുത്ത ചൂടനുഭവപ്പെടുന്നതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുമ്പോൾ ശ്രദ്ധിക്കണമെന്നും നിർദേശം പാലിക്കാത്തവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.