ഭിന്നശേഷി വിഭാഗക്കാരെ വിമാനത്താവളങ്ങളിൽ സ്വയം ചെക് ഇൻ ചെയ്യാൻ സന്നദ്ധരാക്കുന്നതിന്റെ ഭാഗമായി വെർച്വൽ ചെക് ഇൻ പരിശീലനം ആരംഭിച്ച് ആബുദാബി പൊലീസ്. ഭിന്നശേഷിക്കാർക്ക് യാത്രാനടപടികൾ തടസമില്ലാതെ പൂർത്തീകരിക്കാനാണ് അബുദാബി പൊലീസ് പ്രത്യേക പരിശീലന പരിപാടി ആരംഭിച്ചത്. ‘വെർച്വൽ ചെക് ഇൻ സീനാരിയോ’ എന്ന സംരംഭം ഓട്ടിസം ഉൾപ്പെടെ ബാധിച്ച ഭിന്നശേഷിയുള്ള കുട്ടികൾക്കും മുതിർന്നവർക്കും വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ സുഗമമാക്കാൻ സഹായിക്കും.
പരിശീലനത്തിനെത്തുന്നവരെ വെർച്വൽ റിയാലിറ്റി (വി.ആർ) ഹെഡ്സെറ്റുകൾ ധരിപ്പിക്കുന്നതിലൂടെ അവരെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വെർച്വൽ പകർപ്പിലേക്ക് എത്തിക്കും. തുടർന്ന് ഇ-പരിശീലനം വഴി വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകളുടെ ഉപയോഗവും ചെക്ക് ഇൻ, പരിശോധന നടപടിക്രമങ്ങൾ തടസമില്ലാതെ പൂർത്തിയാക്കാനും പഠിപ്പിക്കും. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എജുക്കേഷൻ ആന്റ് നോളജ്, അബുദാബി ഇന്റർനാഷണൽ എയർപോർട്ട് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ ക്ലിയറൻസ്, സ്മാർട്ട് ഗേറ്റിലെ പാസ്പോർട്ട് വെരിഫിക്കേഷൻ, പാസ്പോർട്ട് കൺട്രോൾ ഡെസ്ക്, മറ്റ് പരിശോധന നടപടികൾ എന്നിവ പൂർത്തീകരിക്കുന്നതിനുള്ള സമഗ്ര പരിശീലനമാണ് പദ്ധതിയിലൂടെ നൽകുന്നത്. അബുദാബിയിലെ അൽ കരാമ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇതിനായുള്ള പരിശീലനം നൽകുക. സൈഫ് ബിൻ സായിദ് അക്കാദമി ഫോർ പൊലീസ് ആന്റ് സെക്യൂരിറ്റി സയൻസസിലെ വെർച്വൽ ട്രെയ്നിങ് സെന്ററാണ് ഇതിനായുള്ള സാങ്കേതികവിദ്യകൾ വികസിപ്പിച്ചത്.