ഫ്ലാറ്റിലും വില്ലകളിലും അനധികൃതമായി പരിധിയിൽ കൂടുതൽ ആളുകളെ താമസിപ്പിക്കുന്നവർക്കെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി അബുദാബി നഗരസഭ. ഒരു ഫ്ലാറ്റിൽ ഒന്നിലധികം കുടുംബങ്ങളെ താമസിപ്പിക്കുക, പരിധിയിൽ കൂടുതൽ പേരെ താമസിക്കുക, കുടുംബതാമസ കേന്ദ്രങ്ങളിൽ ബാച്ചിലേഴ്സിനെ താമസിപ്പിക്കുക എന്നിവയ്ക്കും നഗരസഭ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ബോധവൽക്കരണ ക്യാംപെയ്നുകളും നഗരസഭ സംഘടിപ്പിച്ചു.
ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുംവിധം കെട്ടിടത്തിൽ രൂപമാറ്റം വരുത്തി കൂടുതൽ പേരെ താമസിപ്പിക്കുന്നവർക്ക് 10 ലക്ഷം ദിർഹം വരെയാണ് അബുബാബിയിൽ പിഴ ചുമത്തുക. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാക്കുകയും ചെയ്യും. പൊതുഭവനങ്ങൾ വാടകയ്ക്കു നൽകുക, പൊളിക്കുന്ന കെട്ടിടത്തിൽ താമസിക്കുക, ഇവ വാടകയ്ക്കോ പാട്ടത്തിനോ നൽകുക, താമസ സ്ഥലം മറ്റു കാര്യങ്ങൾക്കായി വിനിയോഗിക്കുക, കുടുംബങ്ങൾക്കുള്ള താമസ സ്ഥലം ബാച്ചിലേഴ്സിന് നൽകുക തുടങ്ങിയ കുറ്റങ്ങൾക്ക് 50,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയും ചുമത്തും. കൂടാതെ വാടക കരാർ റദ്ദാക്കിയിട്ടും താമസം തുടർന്നാലും കൃഷിസ്ഥലം താമസത്തിന് വിനിയോഗിച്ചാലും 25,000 മുതൽ 50,000 ദിർഹം വരെ പിഴയും ചുമത്തും.
വർധിച്ചുവരുന്ന വാടകയിൽനിന്നും ജീവിതച്ചെലവിൽ നിന്നും രക്ഷ നേടുന്നതിന് ഒരു ഫ്ലാറ്റിൽ രണ്ടോ അതിൽ കൂടുതലോ കുടുംബങ്ങൾ താമസിക്കുന്നത് പതിവാണ്. എന്നാൽ ഒരു കുടുംബത്തിന് അനുയോജ്യമായ വിധത്തിലുള്ള വൈദ്യുതി കണക്ഷൻ ഒന്നിലേറെ കുടുംബങ്ങളോ പരിധിയിലേറെ ആളുകളോ ഉപയോഗിക്കുന്നത് തീപിടിത്തങ്ങൾക്ക് ഇടയാക്കുമെന്നും പരസ്പരം ബന്ധമില്ലാത്ത ഒന്നിലേറെ കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്നത് സാമൂഹിക, കുടുംബ പ്രശ്നങ്ങൾക്കും ഇടയാക്കുമെന്നും നഗരസഭ വിലയിരുത്തി.